തിരുവനന്തപുരം:കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരജ്ഞന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കാനും കോടതി നിർദേശിച്ചു.
പൂവച്ചല്‍ സ്വദേശിയായ പത്താം ക്ലാസുകാരനെ പ്രതി കൊലപ്പെടുത്തിയത് 2023 ലാണ്. ക്ഷേത്രത്തിന്റെ മതിലില്‍ പ്രതി മൂത്രമൊഴിച്ചത് കുട്ടി ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രകോപനമായത്.
പ്രോസിക്യൂഷൻ ഹാജരാക്കിയ 30 സാക്ഷികളുടെയും 43 രേഖകളുടെയും 11 തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തിലായിരുന്നു കോടതി വിധി. കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിർണായക തെളിവായത്. തുറന്ന കോടതിയില്‍ വീഡിയോ പ്രദർശിപ്പിച്ച് തെളിവെടുത്തിരുന്നു.
2023 ഓഗസ്റ്റ് മുപ്പതിന് വൈകിട്ടാണ് വീടിന് സമീപത്തെ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര റോഡില്‍ വച്ച് പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖർ (15)നെ പ്രതി പ്രിയരഞ്ജൻ കാറിടിച്ച് കൊലപ്പെടുത്തിയത്.
Post a Comment