കണ്ണൂര്‍: പത്ത് ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ടതും കളവുപോയതുമായ 22 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി കണ്ണൂർ സിറ്റി സൈബർ സെല്‍.
നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകളില്‍ ട്രേസ് ചെയ്താണ് കണ്ടെത്തിയത്. കേരളം, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് 22 ഓളം ഫോണുകള്‍ ട്രേസ് ചെയ്തത്. ഫോണ്‍ ലഭിച്ചവരില്‍ നിന്നും നേരിട്ടും കൊറിയർ സർവീസ് വഴിയും പൊലീസ് സ്റ്റേഷൻ വഴിയുമാണ് വീണ്ടെടുത്തത്.
കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിധിൻരാജ് പി ഐ സിഇഐആര്‍ പോര്‍ട്ടലിനെ കുറിച്ച് വിശദീകരിക്കുകയും വീണ്ടെടുത്ത ഫോണുകള്‍ കമ്മീഷണർ നേരിട്ട് ഉടമസ്ഥർക്ക് നല്‍കുകയും ചെയ്തു. സൈബർ സെല്‍ എഎസ്‌ഐ എം ശ്രീജിത്ത്, സിപിഒമാരായ ദിജിൻ രാജ് പി കെ, അജുല്‍ എൻ കെ എന്നിവർ ചേർന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ലഭിച്ച ഫോണുകള്‍ സൈബർ സെല്‍ ഉടമസ്ഥർക്ക് അണ്‍ബ്ലോക്ക് ചെയ്തു നല്‍കി. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സൈബർ സെല്‍ 180 ഓളം മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ച് നല്‍കിയിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടാല്‍ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ശേഷം പരാതി റസീത് ഉപയോഗിച്ച് സിഇഐആർ പോർട്ടല്‍ വഴി റെജിസ്റ്റർ ചെയ്തു കഴിഞ്ഞാല്‍ ഫോണ്‍ ബ്ലോക്ക് ആവുകയും ബ്ലോക്ക് ആയ ഫോണില്‍ ആരെങ്കിലും സിം കാർഡ് ഇടുകയാണെങ്കില്‍ ഫോണ്‍ ട്രേസ് ആവുകയും ചെയ്യും. ശേഷം ഫോണ്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
Post a Comment