വരും ദിവസങ്ങളില്‍ ശക്തമായ വേനല്‍മഴയ്ക്ക് സാധ്യത ; ചില ഇടങ്ങളില്‍ ഇടിമിന്നലോട് കൂടി പെയ്‌തേക്കും

തിരുവനന്തപുരം: ശക്തമായ വേനല്‍ച്ചൂടില്‍ ആശ്വാസം നല്‍കിക്കൊണ്ട് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
വരും ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും നിര്‍ദേശം. കേരളത്തില്‍ ഏപ്രില്‍ നാല് വരെ ശക്തമായ വേനല്‍ മഴ ലഭിച്ചേക്കുമെന്നാണ് അറിയിപ്പ്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വിവിധ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തീരദേശ വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വേനല്‍ മഴയില്‍ ഏപ്രിലില്‍ കേരളത്തിലും കര്‍ണാടകയിലും ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. മഴ ലഭിക്കുമെങ്കിലും ഇന്ത്യയില്‍ മധ്യ-കിഴക്കന്‍ സംസ്ഥാനങ്ങളിലും, വടക്കുപടിഞ്ഞാറന്‍ സമതലങ്ങളിലും ഉഷ്ണതരംഗം കൂടാനും സാധ്യതയുണ്ട്.
ഏപ്രില്‍ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും നാലിന് എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടെയുള്ള മഴയായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post