മലയാളത്തിൽ ഏറ്റവും വേഗത്തിൽ 200 കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമായി എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ അഞ്ച് ദിവസം കൊണ്ടാണ് ആഗോള തലത്തിൽ 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചത്. മോഹൻലാൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സിനിമയ്‌ക്കെതിരെയും അണിയറ പ്രവർത്തകർക്കെതിരെയും സംഘപരിവാർ അനുകൂലികളുടെ അടുത്ത് നിന്നും വ്യാപക സൈബർ ആക്രമണം നടക്കുന്നതിനിടെയാണ് ചിത്രം റെക്കോർഡ് നേട്ടം കരസ്ഥമാക്കിയത്.
സിനിമ കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 50 കോടി നേടിയതാണ് റിപ്പോർട്ടുകളുണ്ട്. വെറും അഞ്ച് ദിവസം കൊണ്ടാണ് എമ്പുരാൻ കേരളത്തിൽ നിന്ന് മാത്രം 50 കോടി ഗ്രോസ് നേടിയിരിക്കുന്നത് എന്ന് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നു. വിജയ് ചിത്രം ലിയോയുടെ റെക്കോർഡ് മറികടന്നാണ് മോഹൻലാൽ ചിത്രത്തിന്റെ ഈ നേട്ടം. 10 ദിവസം കൊണ്ടായിരുന്നു ലിയോ കേരളാ ബോക്സ് ഓഫീസിൽ നിന്ന് 50 കോടി നേടിയത്.
യുകെ ഉൾപ്പെടെയുള്ള വിദേശ മാർക്കറ്റുകളിലും സിനിമയ്ക്ക് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. ഷാരൂഖ് ഖാൻ, വിജയ് സിനിമകളുടെ കളക്ഷൻ പോലും മറികടന്നാണ് സിനിമ ജൈത്രയാത്ര തുടരുന്നത്. യുകെ ബോക്സ് ഓഫീസിലെ കളക്ഷൻ നോക്കുമ്പോൾ സിനിമ മൂന്ന് ദിവസം കൊണ്ട് 1.2 മില്യൺ പൗണ്ട് (ഏകദേശം 13.5 കോടി ഇന്ത്യൻ രൂപ) നേടിയെന്നാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യൻ സിനിമകളുടെ കളക്ഷൻ നോക്കുമ്പോൾ ഇത് റെക്കോർഡാണ്. വിജയ് ചിത്രം ലിയോ (£1,070,820) ഷാരൂഖ് ഖാൻ ചിത്രം ജവാൻ (£1,005,724) എന്നിവയുടെ കളക്ഷൻ മറികടന്നാണ് എമ്പുരാൻ ഈ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.
Post a Comment