കണ്ണൂര്‍: ഓട്ടോ ഡ്രൈവറായ മനോജ് സമയോചിതമായി നടത്തിയ ഒരു നീക്കത്തെ പ്രശംസിക്കുകയാണ് സോഷ്യല്‍ മീഡിയ. മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളി ഇസ്മായിലിനെ കൊലപ്പെടുത്തിയ കേസില് പ്രതി പിടിയിലായത് ഓട്ടോ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലാണ്.ഓട്ടോയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് വരുന്നതിനിടയിലാണ് തന്റെ വണ്ടിയില്‍ കയറിയിരിക്കുന്നത് കൊലക്കേസ് പ്രതിയാണെന്ന് മനോജ് അറിയുന്നത്.
തുടര്‍ന്നാണ് തന്ത്രപരമായി മനോജ് നീങ്ങിയത്.
ഇന്നലെ രാത്രിയാണ് കുളിച്ചാലില്‍ ഇതര സംസ്ഥാന തൊഴിലാളിയായ ബംഗാള്‍ സ്വദേശി ഇസ്മയില്‍ കൊല്ലപ്പെട്ടത്. സുഹൃത്തായ ബംഗാള്‍ സ്വദേശി സുജോയ് ദോയിയാണ് പ്രതി. കൊലക്ക് ശേഷം മനോജിന്റെ ഓട്ടോയിലാണ് പ്രതി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര പുറപ്പെട്ടത്. സുജോയ് പ്രതിയാണെന്ന കാര്യം മനോജിന് അറിയില്ലായിരുന്നു.
വളപട്ടണം എത്തിയപ്പോഴാണ് കൊലപാതകത്തിന്റെ വിവരം കൂട്ടുകാര്‍ മനോജിനെ ഫോണില്‍ വിളിച്ചറിയിക്കുന്നത്. പ്രതി വണ്ടിയിലെ യാത്രക്കാരന്‍ ആണെന്ന് മനസിലാക്കിയ മനോജ് വളപട്ടണം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍(സിഐടിയു) കുളിച്ചാല്‍ യൂനിറ്റ് മെമ്ബറാണ് മനോജ്. മുന്‍പ് മുംബൈയില്‍ ജോലി ചെയ്തിരുന്നതിനാല്‍ മനോജിന് ഹിന്ദി അറിയാമായിരുന്നു. അതിനാല്‍ സുജോയ്ക്ക് സംശയം തോന്നാത്ത വിധം പൊലീസ് സ്റ്റേഷനിലേക്കെത്തിക്കാന്‍ മനോജിനായി. മനോജിന്റെ ഇടപെടലിനെ കണ്ണൂര്‍ എസ് പി വിളിച്ചു വരുത്തി നേരിട്ട് അഭിനന്ദനം അറിയിച്ചു.
Post a Comment