പൊള്ളുന്ന ചൂടില്‍ വരുമാനം കുറഞ്ഞു; പ്രതിസന്ധിയിലായി ക്ഷീരകര്‍ഷകര്‍



കണ്ണൂർ: രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന കണ്ണൂർ ജില്ലയിലെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയില്‍.പാലുത്പാദനം ഗണ്യമായി കുറയുന്നതിനും പശുക്കള്‍ക്ക് സൂര്യാഘാതം ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ പതിവായതുമാണ് ക്ഷീരോദ്പാദനമേഖലയെ അപ്പാടെ ഉലച്ചിരിക്കുന്നത്.

അള്‍ട്രാ വയലെറ്റ് രശ്മികളുടെ കാഠിന്യം കൂടുന്നത് പശു ഉള്‍പ്പെടെയുള്ള വളർത്തു മൃഗങ്ങളെ സാരമായി ബാധിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. കൂട്ടത്തില്‍ സങ്കരയിനങ്ങളായ ജേഴ്സി, സിന്ധി, ബ്രൗണ്‍, എച്ച്‌.എഫ് തുടങ്ങിയവയ്ക്ക് ചൂട് താങ്ങാനുള്ള ശേഷിയും താരതമ്യേന കുറവാണ്. ചൂടു മൂലം പാലുത്പാദനത്തില്‍ 50 ശതമാനം വരെ കുറവുണ്ടാകുന്നതായും കർഷകർ സാക്ഷ്യപ്പെടുത്തുന്നു.
ഇതിന് പുറമെയാണ് പുല്ലിന്റെ ലഭ്യതയിലുണ്ടാകുന്ന കുറവ്. വൈക്കോലിന്റെ ലഭ്യതക്കുറവാണ് കൂട്ടത്തില്‍ ഏറ്റവും വലിയ പ്രതിസന്ധിയുണ്ടാക്കുന്നത്. കാലിതീറ്റ വിലയിലെ വർദ്ധനവും കർഷകർക്ക് ഇരുട്ടടിയായിട്ടുണ്ട്. പാലുത്പാദനത്തിലെ കുറവില്‍ നട്ടം തിരിയുമ്ബോഴാണ് പരിപാലന ചെലവ് അധികരിക്കുന്നത്.
ചെലവിന്റെ പകുതി പോലും വരുമാനമായി കിട്ടുന്നില്ലെന്നാണ് ക്ഷീര കർഷകർ പറയുന്നത്. വരുന്ന രണ്ടുമാസങ്ങളില്‍ പ്രശ്നം രൂക്ഷമാകാനിടയുണ്ടെന്നും ഇവർ ആശങ്കപ്പെടുന്നു.ഈ മാസങ്ങളില്‍ സാധാരണയുള്ളതിലും പകുതി മാത്രമെ പാല്‍ ലഭിക്കുകയുള്ളുവെന്ന് ക്ഷീര സംഘം ജീവനക്കാരും പറയുന്നു.

Post a Comment

Previous Post Next Post