സുരക്ഷാസംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നില്ല



നടുവിൽ : വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുമ്പോഴും സുരക്ഷയ്ക്ക് കൂടുതൽ സംവിധാനമൊരുക്കാതെ മലയോരഹൈവേ അധികൃതർ. നിർമാണസമയത്ത് സ്ഥാപിച്ച സൂചനാബോർഡുകളും സുരക്ഷാസംവിധാനങ്ങളുമല്ലാതെ പുതുതായി ഒന്നും സ്ഥാപിക്കുന്നില്ലെന്നാണ് ആക്ഷേപം.

തകർന്നുകിടക്കുന്നവ സ്ഥലത്തുനിന്ന് നീക്കാനും നടപടിയെടുക്കുന്നില്ല. ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കിയ ചെറുപുഴയ്ക്കും വള്ളിത്തോടിനും ഇടയിൽ നൂറുകണക്കിന് വാഹനാപകടങ്ങൾ ചെറിയ കാലയളവിൽ നടന്നിട്ടുണ്ട്. രണ്ട് സ്ഥലങ്ങൾ തമ്മിൽ 64.5 കിലോമീറ്റർ ദൂരമുണ്ട്. 2020 മാർച്ച് 21-ന് ചെറുപുഴയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡ് ഉദ്ഘാടനംചെയ്തത്. തുടക്കത്തിൽ അപകടവളവുകളിലും കയറ്റങ്ങളിലും ക്രാഷ് ബാരിയർ സംവിധാനം ഉൾപ്പെടെ ഒരുക്കിയിരുന്നു.

തുടർച്ചയായ അപകടങ്ങളെത്തുടർന്ന് പലയിടത്തും ഇത് തകർന്നുകിടക്കുകയാണ്. കരുവഞ്ചാലിനും വേങ്കുന്നിനുമിടയിൽ 10 സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകൾ തകർന്നിട്ടുണ്ട്. താഴത്തങ്ങാടി, താവുന്ന് വളവുകൾ, മണ്ടളം എന്നിവിടങ്ങളിലാണ് അപകടസാധ്യത ഏറെയുള്ളത്.

ഇതിനുപുറമേ, ഒട്ടേറെ സിഗ്നൽബോർഡുകളും വിളക്കുകളും വാഹനങ്ങൾ ഇടിച്ച് തകർന്നിട്ടുണ്ട്‌. അപകടങ്ങൾക്ക് പേരുകേട്ട താവുന്ന് കാര്യാട്ട് വളവിലെ സിഗ്നൽ വിളക്ക് ലോറിയിടിച്ച് തകർന്നിട്ട് മൂന്ന് മാസമായി. ഇതിന് തൊട്ടടുത്ത വളവിൽ ടിപ്പർ മറിഞ്ഞ് റോഡരികിൽ തള്ളിയ കരിങ്കല്ലും നീക്കിയിട്ടില്ല. രയരോം സ്കൂളിന്‌ സമീപത്തെ വളവുകളിലും ഒട്ടേറെ അപകടങ്ങൾ നടന്നിട്ടുണ്ട്.

Post a Comment

Previous Post Next Post