കാസര്‍കോട്:കാസർകോട് കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകള്‍ക്കുശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
സംഭവത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. പെണ്‍കുട്ടിയേയും അയല്‍വാസിയേയും മരിച്ച നിലയില്‍ ഇന്നലെ കണ്ടെത്തിയിരുന്നു.
കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്ന് കോടതി ചോദിച്ചു. ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലീസ് ഇങ്ങനെയാകുമോ പ്രവർത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു. നിയമത്തിനുമുന്നില്‍ വിവിഐപിയും സാധാരണക്കാരും തുല്യരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറിയുമായി നാളെ കോടതിയില്‍ ഹാജരാകാൻ അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി നിർദേശിച്ചു. പരാതി നല്‍കിയിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണം വൈകിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
അതേസമയം, കാസര്‍കോട് പൈവളിഗെയിലെ 15കാരിയുടെയും പ്രദേശവാസിയുടേയും മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് 20ദിവസത്തിലധികം പഴക്കമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്‍ ഡോ. രാജേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഉണങ്ങിയ നിലയില്‍ ആണ് മൃതദേഹങ്ങളുള്ളത്. അതുകൊണ്ട് തന്നെ കൂടുതല്‍ പരിശോധനയ്ക്കായി മൃതദേഹ അവശിഷ്ടങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഡിഎന്‍എ പരിശോധനയ്ക്കുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.
Post a Comment