കണ്ണൂർ: പിടികൊടുക്കാതെ തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില ഉയരുന്നത് അടുക്കള ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 53 രൂപയായിരുന്ന തേങ്ങയുടെ ഇപ്പോഴത്തെ വില 61നും 65നും ഇടയിലാണ്. ചില്ലറ വില്‍പ്പനയില്‍ ഗ്രാമങ്ങളിലെ വില 65നും 70നും ഇടയിലും. വെളിച്ചെണ്ണയുടെ വില 225നും 250നും ഇടയിലുണ്ടായത് ഇപ്പോള്‍ 280 നും മുകളിലാണ്. വെളിച്ചെണ്ണയ്ക്ക് ഏകദേശം 35 രൂപയുടെ വിലവർദ്ധന സംസ്ഥാനത്തൊട്ടാകെ ഉണ്ടായതായാണ് വിപണി കണക്കുകള്‍ പറയുന്നത്.
ഉയർന്ന വില കൊടുത്ത് തേങ്ങ വാങ്ങുന്നതിന് പുറമെ കച്ചവടക്കാരന്റെ താല്‍പ്പര്യാനുസരണം വാങ്ങേണ്ടിയും വരുന്നു എന്നാണ് ജനങ്ങള്‍ പറയുന്നത്. തിരഞ്ഞെടുത്ത് വാങ്ങാനോ ഗുണനിലവാരം നോക്കാനോ കഴിയുന്നില്ലെന്നും പരാതി ഉയരുന്നു.
തേങ്ങയുടെ ഉത്പാദനത്തിലുണ്ടായ കുറവാണ് വിപണിയില്‍ പ്രതിഫലിക്കന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ജനുവരിയില്‍ തേങ്ങയുടെ വില അറുപതിനോട് അടുത്തിരുന്നെങ്കിലും ദീപാവലി സീസണ്‍ കഴിഞ്ഞതോടെ വില കുറഞ്ഞിരുന്നു. എന്നാല്‍ വിഷു അടക്കമുള്ള ആഘോഷങ്ങള്‍ വരാനിരിക്കെ, ഈ വില വർദ്ധനവ് ആശങ്കയോടെയാണ് ജനം കാണുന്നത്. അവശ്യാനുസരണം തേങ്ങയോ കൊപ്രയോ ലഭിക്കാത്തതാണ് വെളിച്ചണ്ണ വിലയിലുണ്ടായ ഉയർച്ചയ്ക്ക് കാരണം. നാട്ടില്‍ നിന്നുള്ള തേങ്ങയ്ക്ക് പുറമെ വെളിച്ചെണ്ണ ഉത്പാദകർ ആശ്രയിക്കുന്നത് തമിഴ്നാട്ടില്‍ നിന്നും കർണാടകയില്‍ നിന്നുമുള്ള കൊപ്രയാണ്. എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ തേങ്ങ ഉത്പാദനം ഗണ്യമായി കുറഞ്ഞതും വിനയായിയിരിക്കുകയാണ്. ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന തേങ്ങ കറിക്കും മറ്റ് ആവശ്യങ്ങള്‍ക്കും തികയാത്ത അവസ്ഥയുമുണ്ട്. അതുകൊണ്ട് തന്നെ കയറ്റി അയയ്ക്കാനോ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാനോ കഴിയാത്ത സ്ഥിതിയുമാണ്.
Post a Comment