ആലക്കോട്: കോണ്‍ഗ്രസും മുസ്‌ലിം ലീഗും തമ്മിലുള്ള ഭിന്നത പരിഹരിച്ചു വരുന്നതിനിടെ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ടിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍ഡിഎഫ്.
21 അംഗ ഭരണസമിതിയില്‍ യുഡിഎഫ് 11, എല്‍ഡിഎഫ് 10 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫില്‍ കോണ്‍ഗ്രസിന് എട്ടും മുസ്‌ലിംലീഗിന് മൂന്നംഗങ്ങളുമാണുള്ളത്. എന്നാല്‍, ലീഗിന്‍റെ പ്രതിനിധിയായി സ്വതന്ത്രയായി പരപ്പ വാർഡില്‍ നിന്ന് വിജയിച്ച ഷൈലജ ദീർഘകാലമായി
രോഗബാധിതയായി കിടപ്പിലായതിനാല്‍ അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ പങ്കെടുക്കാൻ സാധ്യതയില്ല. ഇതാണ് യുഡിഎഫിനെ ആശങ്കയിലാക്കുന്നത്. ഇരു മുന്നണികള്‍ക്കും 10 അംഗങ്ങളുടെ തുല്യത വന്നാല്‍ നറുക്കെടുപ്പിലൂടെയായിരിക്കും അവിശ്വാസ പ്രമേയത്തിന്‍റെ വിധി നിർണയിക്കുക.
പഞ്ചായത്ത് ഓഫീസിലെ ജൂണിയർ സൂപ്രണ്ടായിരുന്ന രാജേന്ദ്രൻ പിള്ളക്കെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് പ്രസിഡന്‍റും ലീഗുമായുള്ള പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയിരുന്നത്.
ഇതേതുടർന്ന് പഞ്ചായത്ത് ഭരണസമിതി യോഗങ്ങള്‍ മുസ്‌ലിംലീഗ് തുടർച്ചയായി ബഹിഷ്കരിച്ചിരുന്നു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ഒന്പതുമാസം മാത്രം ബാക്കി നില്‍ക്കെ രാഷ്‌ട്രീയ കളികളുടെ പേരില്‍ അവസാന നിമിഷം പഞ്ചായത്ത് ഭരണം നഷ്ടമാകുമോ എന്ന ആശങ്കയിലാണ് യുഡി എഫ് പ്രവർത്തകർ.
Post a Comment