പത്തനംതിട്ടയില്‍ പത്ത് വയസുള്ള മകനെ മറയാക്കി എംഡിഎംഎ കടത്തി; അച്ഛൻ പിടിയില്‍

പത്തനംതിട്ട തിരുവല്ലയില്‍ മകനെ മറയാക്കി എംഡിഎംഎ വില്പന നടത്തിയ അച്ഛൻ പിടിയില്‍. 10 വയസ്സുകാരനായ മകന്റെ ശരീരത്തില്‍ ഒളിപ്പിച്ചാണ് ഇയാള്‍ എംഡിഎംഎ കടത്തിയിരുന്നത്.

വിദ്യാർത്ഥികള്‍ അടക്കമുള്ളവർക്ക് ലഹരി വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. തിരുവല്ല സ്വദേശിയായ 39 കാരനെ ചുമത്രയില്‍ നിന്നാണ് പോലീസ് പിടികൂടുന്നത്. കഴിഞ്ഞ ആറു മാസക്കാലമായി ഡാൻസാഫ് സംഘത്തിന്‍റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തില്‍ ആയിരുന്നു പ്രതി.
കൊടും കുറ്റവാളിയായ പ്രതി ലഹരി കച്ചവടത്തിനായി പത്തു വയസ്സുക്കാരനായ മകനെയും ഉപയോഗിച്ചു. തിരുവല്ലയിലെയും പരിസരപ്രദേശങ്ങളിലും സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്ക് എംഡിഎംഎ എത്തിച്ചു നല്‍കിയിരുന്നത് പിടിയിലായ പ്രതിയാണെന്നാണ് പോലീസിന്റെ നിഗമനം. വിദ്യാർത്ഥികളെയും ഇയാള്‍ ഏജൻറ് ആക്കി മാറ്റാൻ ശ്രമിച്ചിരുന്നു. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, മറ്റൊരു സംഭവത്തില്‍ കണ്ണൂരില്‍ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിലായി. താവക്കര ഫാത്തിമാസില്‍ നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎയും, 9 ഗ്രാം കഞ്ചാവും പിടികൂടി. കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ്. കണ്ണൂർ കാപ്പിറ്റോള്‍ മാളിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post