പൈതല്‍മല, പാലക്കയംത്തട്ട് വികസന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് എംഎല്‍എയും കളക്ടറും

ശ്രീകണ്ഠപുരം : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മലയോര ടൂറിസം കേന്ദ്രങ്ങളായ പാലക്കയംതട്ട്, പൈതല്‍മല തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചർച്ച ചെയ്യാൻ കണ്ണൂർ ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേർന്നു.

അഡ്വ. സജീവ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടതുപ്രകാരമാണ് യോഗം വിളിച്ചത്. നിയമസഭയിലും എംഎല്‍എ ടൂറിസം കേന്ദ്രങ്ങളുടെ പുനരിജ്ജീവനം സംബന്ധിച്ച അവലോകന യോഗം വിളിക്കാത്തത് ടൂറിസം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പാലക്കയംതട്ടിന് അനുവദിച്ച ഒരു കോടി രൂപയുടെ പദ്ധതി പ്രാവർത്തികമാക്കുന്നത് സംബന്ധിച്ചും പ്രാദേശിക ടൂറിസം സംരംഭങ്ങളുടെ സാധ്യതയും യോഗം ചർച്ച ചെയ്തു.
പൈതല്‍മല ടൂറിസം റിസോർട്ട് അറ്റകുറ്റപ്പണി നടത്തി സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കണമെന്ന് എം എല്‍ എ ആവശ്യപ്പെട്ടു. നിലവില്‍ കാടുപിടിച്ചു കിടക്കുന്ന റിസോർട്ടിൻ്റെ ശോചനീയമായ അവസ്ഥ എം എല്‍ എ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. പാലക്കയംതട്ട് ടൂറിസം കേന്ദ്രം മികച്ച നിലയില്‍ നടത്താനുള്ള ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. തടസ്സങ്ങള്‍ നീക്കാൻ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്‌ടർ അറിയിച്ചു. യോഗത്തില്‍ സജീവ് ജോസഫ് എം എല്‍ എ, ജില്ലാ കലക്ടർ അരുണ്‍. കെ.വിജയൻ, ലോ ഓഫീസർ അഡ്വ. രാജ്, ഫിനാൻസ് ഓഫീസർ ശിവപ്രകാശൻ നായർ, ഡിടിപിസി സെക്രട്ടറി ശ്യാംകൃഷ്ണൻ. പി ജി , എന്നിവർ സംബന്ധിച്ചു. ഉടനെ തന്നെ ടൂറിസം മന്ത്രി യുടെ സാന്നിധ്യത്തില്‍ തിരുവന്തപുരത്തും യോഗം ചേരാൻ കത്ത് നല്‍കിയിട്ടുണ്ടെന്ന് എം എല്‍ എ അറിയിച്ചു

Post a Comment

Previous Post Next Post