താമരശ്ശേരി: എയ്ഡഡ് സ്കൂള്‍ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കല്‍ അലീനാ ബെന്നിയെ ആത്മഹത്യയിലേക്കുനയിച്ച ചുവപ്പുനാടയുടെ കുരുക്ക് ഒടുവില്‍ അഴിഞ്ഞു.
സ്വന്തമായി ഒരുരൂപയെങ്കിലും വേതനം ലഭിക്കാൻ നിയമനാംഗീകാരത്തിനായി കാത്തിരുന്ന് നിരാശയ്ക്കൊടുവില്‍ ജീവനൊടുക്കിയ അധ്യാപികയുടെ ഒാർമ്മ മായുംമുൻപേയാണ് നിയമനാംഗീകാരത്തിന്റെ ഉത്തരവെത്തിയത്. അപ്പോഴേക്കും കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ പ്രത്യേക സെമിത്തേരി ബ്ലോക്കിലെ ഏഴാം നമ്ബർ കല്ലറയില്‍ അവള്‍ മണ്ണോടുചേർന്നിട്ട് 24 ദിവസം പിന്നിട്ടിരുന്നു.
നിയമനാംഗീകാരവും ശമ്ബളവും ലഭിക്കാതെ അഞ്ചുവർഷത്തോളമാണ് അലീനാ ബെന്നി(30) എയ്ഡഡ് സ്കൂളില്‍ ജോലിചെയ്തത്. ഒടുവില്‍ അവരുടെ വേർപാട് നാടിനാകെ നോവായിമാറി.
മരിച്ച് ഒരുമാസം തികയുംമുൻപാണ് നിയമനത്തിന് അംഗീകാരമായത്. മാർച്ച് 15-നാണ് അലീനാ ബെന്നിയെ എല്‍പിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നല്‍കിയത്. ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂർത്തീകരിക്കപ്പെടാത്തതിനാല്‍ ശമ്ബളസ്കെയില്‍ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കില്‍ ദിവസ വേതനവ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശ്ശേരി എഇഒ നിയമനനടപടി അംഗീകരിച്ച് സമന്വയ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് നിയമനാംഗീകാര ഉത്തരവ് മാനേജ്മെന്റായ താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണല്‍ ഏജൻസിക്ക് ലഭിച്ചത്.
കോടഞ്ചേരി സെയ്ന്റ് ജോസഫ് എല്‍പി സ്കൂളിലേക്ക് മാറ്റിനിയമിച്ച 2024 ജൂണ്‍ അഞ്ചുമുതല്‍ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതന, അനുബന്ധ ആനുകൂല്യങ്ങള്‍മാത്രമാണ് അലീനയുടെ കുടുംബത്തിന് ഇനി ലഭ്യമാവുക. അതിനുമുൻപ് നസ്രത്ത് എല്‍പി സ്കൂളില്‍ 2019 ജൂണ്‍ 17 മുതല്‍ 2019 ഡിസംബർ 31 വരെ താത്കാലികാടിസ്ഥാനത്തിലും കെ-ടെറ്റ് യോഗ്യത നേടിയശേഷം 2021 ജൂലായ് 22 മുതല്‍ പ്രൊബേഷനറി എല്‍പിഎസ്ടിയായും ജോലിചെയ്തകാലത്തെ സേവനത്തിന് അംഗീകാരമില്ല. ആകെ ഒൻപതുമാസത്തെ ആനുകൂല്യങ്ങള്‍മാത്രമാണ് അനുവദിക്കപ്പെട്ടത്.
Post a Comment