മന്ത്രി എം.ബി. രാജേഷിന്‍റെ ജില്ലാ തദ്ദേശ അദാലത്ത് നാളെ കണ്ണൂരില്‍

കണ്ണൂർ: സംസ്ഥാന സർക്കാരിന്‍റെ നാലാം നൂറുദിന പരിപാടിയുടെ ഭാഗമായി മന്ത്രി എം.ബി. രാജേഷി ന്‍റെ നേതൃത്വത്തിലുള്ള കണ്ണൂർ ജില്ലാതല തദ്ദേശ അദാലത്ത് നാളെ നടക്കും.

കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്‌റ്റേഡിയത്തില്‍ രാവിലെ 9.30ന് മന്ത്രി എം.ബി. രാജേഷ് അദാലത്ത് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ പത്രസമ്മേളനത്തില്‍ അറിയിച്ചു.

പ്രിൻസിപ്പല്‍ സെക്രട്ടറി, പ്രിൻസിപ്പല്‍ ഡയറക്ടർ എല്‍എസ്ജിഡി, റൂറല്‍ ഡയറക്ടർ എല്‍എസ്ജിഡി, ചീഫ് ടൗണ്‍ പ്ലാൻ, ചീഫ് എൻജിനിയർ തുടങ്ങിയവരടക്കമുള്ള സംസ്ഥാന തല ഉദ്യോഗസ്ഥർ അദാലത്തില്‍ പങ്കെടുക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാവിധി അപേക്ഷ നല്കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയത്തിലുള്ള പരാതികള്‍, തദ്ദേശ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദന ങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ ഓഫീസുകള്‍ എന്നിവയില്‍ തീർപ്പാകാതെയുളള പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍/നിർദേശങ്ങള്‍ എന്നിങ്ങനെ 11 ഇനങ്ങളിലെ പരാതികളാണ് പരിഗണിക്കുന്നത്. 

ലൈഫ്, അതിദാരിദ്ര്യം-അപേക്ഷകള്‍, സർവീസ് വിഷയങ്ങള്‍ എന്നിവ പരിഗണിക്കില്ല. ഓഗസ്റ്റ് 27 വരെ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി അദാലത്തിലേക്ക് അപേക്ഷകള്‍ സമർപ്പിക്കാനുള്ള അവസരം ഉണ്ടായിരുന്നു. ഇതിനോടകം ഓണ്‍ലൈനായി 1186 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനുള്ള സ്ഥിരം പരാതി പരിഹാര സംവിധാനമായ സിറ്റിസണ്‍ അദാലത്ത് പോർട്ടല്‍ വഴി മന്ത്രിയുടെ അദാലത്തിന് വേണ്ടി പ്രത്യേക ലോഗിൻ ലഭ്യമാക്കിയാണ് അപേക്ഷകള്‍ സ്വീകരിച്ചത്. 

ഓണ്‍ലൈൻ അപേക്ഷ നല്കിയവർക്കും അദാലത്ത് ദിവസം അപേക്ഷ സമർപ്പിക്കുന്നവർക്കും പ്രത്യേകം രജിസ്‌ട്രേഷൻ കൗണ്ടറുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രണ്ടിന് രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷൻ ആരംഭിക്കും. ഈ കൗണ്ടറുകളില്‍ നിന്നും നല്‍കുന്ന ടോക്കണ്‍ അടിസ്ഥാനമാക്കി ബന്ധപ്പെട്ട കൗണ്ടറുകളിലേക്ക് അപേക്ഷകരെ വോളന്‍റിയർമാർ എത്തിക്കും. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറൻസ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ വൈസ് പ്രസിഡൻറ് ബിനോയ് കുര്യൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ സെറീന റഹ്മാൻ എന്നിവരും പങ്കടുത്തു.

Post a Comment

Previous Post Next Post