ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: ആദ്യ വിക്കറ്റ് രഞ്ജിത്തോ?; 'പ്രമുഖര്‍'ക്ക് ആശ്വാസം!

ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്ന സിനിമാരംഗത്തെ സ്ത്രീ പീഡന (ചൂഷണ) കഥകള്‍ക്കും വെളിപ്പെടുത്താത്ത പേരുകള്‍ ആരുടേതാണെന്ന ചർച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ഒടുവില്‍ ഒരു പേര് വീണു കിട്ടിയിരിക്കുന്നു.

എഴുത്തുകാരനും സംവിധായകനും ചലച്ചിത്ര അക്കാദമി അധ്യക്ഷനുമായ രഞ്ജിത്ത്. അഞ്ചുവർഷം പെട്ടിയിലിരുന്ന, 'പ്രമുഖർ' അടക്കമുള്ള വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനായി പേജുകള്‍ തന്നെ വെട്ടിക്കളഞ്ഞു പരസ്യപ്പെടുത്തിയ റിപ്പോർട്ടിന്റെ ആദ്യത്തെ ഇര രഞ്ജിത്താകാനുള്ള സാധ്യതകളേറെയാണ്. പ്രശ്നത്തിന് ഇതിനകം തന്നെ രാഷ്ട്രീയമാനം കൈവന്നു കഴിഞ്ഞു. എന്തായാലും തല്‍ക്കാലത്തേക്ക് പ്രമുഖർ സുരക്ഷിതർ!

'പാലേരി മാണിക്യം' സിനിമയുടെ ഓഡിഷനു വന്നപ്പോള്‍ തനിക്ക് ദുരനുഭവമുണ്ടായെന്ന് ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചത് വെള്ളിയാഴ്ചയാണ്. സംവിധായകനായ രഞ്ജിത്ത് റൂമിലേക്ക് ക്ഷണിച്ചു. 'റൂമിലെത്തിയതും രഞ്ജിത്ത് കൈയില്‍ തൊട്ട് വളകളില്‍ പിടിച്ചു. പെട്ടെന്ന് പ്രതികരിക്കാനായില്ല. അതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഞെട്ടിപ്പോയ ഞാൻ ഉടൻതന്നെ ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല,' എന്ന് ശ്രീലേഖ പറഞ്ഞു. അതോടെ മലയാള സിനിമയില്‍ തനിക്കുള്ള അവസരം നഷ്ടമായെന്നും തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ലെന്നും അവർ ആരോപിച്ചു. മോശം പെരുമാറ്റത്തെ എതിർത്തതുകൊണ്ടു മാത്രമാണ് അവസരം നിഷേധിച്ചതെന്നും അവർ പറയുന്നു. ആരോപണം നിഷേധിച്ച രഞ്ജിത്ത്, ആ വേഷത്തിന് അനുയോജ്യയല്ലാത്തതു കൊണ്ടാണ് അവരെ സിനിമയില്‍ ഉള്‍പ്പെടുത്താത്തത് എന്ന് വിശദീകരിച്ചു.

തുടക്കത്തില്‍ പ്രശ്നത്തെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിസ്സാരവല്‍ക്കരിക്കാൻ ശ്രമിച്ചതായി പരാതി ഉയർന്നു. നടി പരാതിയുമായി മുന്നോട്ടുവന്നാല്‍ നിയമാനുസൃതമായ നടപടികള്‍ സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞതാണ് കാരണം. 'അവർക്ക് പരാതിയുണ്ടെങ്കില്‍ വരട്ടെ. അവർ വന്നുകഴിഞ്ഞാല്‍ അത് സംബന്ധിച്ച നടപടിക്രമങ്ങള്‍ നിയമാനുസൃതം സർക്കാർ സ്വീകരിക്കും. ഏതെങ്കിലുമൊരാള്‍ ആരെപ്പറ്റിയെങ്കിലും ഒരു ആക്ഷേപം ഉന്നയിച്ചാല്‍ കേസെടുക്കാൻ പറ്റുമോ, അങ്ങനെയെടുത്ത ഏതെങ്കിലും കേസ് കേരളത്തില്‍ നിലനിന്നിട്ടുണ്ടോ? ആരോപണം ഉന്നയിച്ചവർ പരാതി തരിക' എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. പക്ഷേ, പിന്നീട് മന്ത്രി വീണാ ജോർജും വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയും അദ്ദേഹത്തിന്റെ നിലപാട് തള്ളിപ്പറയുകയും ആരോപണമുന്നയിച്ച ബംഗാളി നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

നടി ശ്രീലേഖ മിത്രക്ക് പൂർണ്ണ പിന്തുണ നല്‍കുമെന്ന് പറഞ്ഞ മന്ത്രി വീണാ ജോർജ് ഹേമാ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്ന തെറ്റുചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ലെന്നും റിപ്പോർട്ടിന്മേല്‍ കൂടുതല്‍ നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ മുന്നോട്ടുപോകുമെന്നും വ്യക്തമാക്കി. സതീദേവിയുടെ പ്രതികരണം കുറച്ചുകൂടി രൂക്ഷമായിരുന്നു. 'വിവരം അറിഞ്ഞാല്‍ അന്വേഷണം നടത്താം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പ്രാഥമിക പരിശോധന നടത്തി നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുമെന്നാണ് കരുതുന്നത്. ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്ബാകെ വെളിപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച്‌ അന്വേഷണം നടത്താം'- സതീദേവി വ്യക്തമാക്കി. അന്വേഷണം നടത്തി എത്ര ഉന്നതസ്ഥാനത്തുള്ള ആളായാലും നടപടി എടുക്കണം. പ്രമുഖർ പലരുടേയും പേരില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോപണം തെളിയുന്ന പക്ഷം തെറ്റായ പ്രവൃത്തികള്‍ ചെയ്ത ആളുകള്‍ ഉന്നത സ്ഥാനത്തിരിക്കുന്നത് ഒരു തരത്തിലും ഉചിതമല്ലെന്നും സതീദേവി അഭിപ്രായപ്പെട്ടു.

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനമൊഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു കഴിഞ്ഞു. സജി ചെറിയാൻ മന്ത്രിസ്ഥാനത്ത് ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം പറയുന്നു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിൻ വർക്കി രഞ്ജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കി. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലും പറഞ്ഞിട്ടുണ്ട്. പ്രശ്നത്തിന് രാഷ്ട്രീയമാനം കൈവന്നതോടെ സി.പി.എമ്മും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ നിർബന്ധിതമായേക്കും. 'ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന പദവി രഞ്ജിത്ത് നിർവഹിക്കുന്നത്. പാർട്ടിയാണ് അദ്ദേഹത്തെ മാറ്റിനിർത്തണമോയെന്ന കാര്യം ആലോചിക്കേണ്ടത്... ആ കാര്യത്തില്‍ രാഷ്ട്രീയമായ തീരുമാനം അപ്പോള്‍ ഉണ്ടാകും,' എന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കിയിരുന്നു.

രഞ്ജിത്തിന്റെ കാര്യം കൂടുതല്‍ സങ്കീർണമാക്കുന്നത് സമീപകാലത്ത് അദ്ദേഹം ചെന്നു പെട്ട വിവാദങ്ങളാണ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ ഘട്ടത്തില്‍ ഒരുനിമിഷം പോലും അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് അർഹനല്ല എന്ന് സംവിധായകൻ ഡോ. ബിജു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ചിലർക്ക് അവാർഡ് കൊടുക്കാനും ചില സിനിമകള്‍ക്ക് അവാർഡ് കൊടുക്കാതിരിക്കാനും അക്കാദമി ചെയർമാൻ നേരിട്ട് ജൂറി അംഗങ്ങളെ സ്വാധീനിച്ചു എന്ന പരാതിയും ഐഎഫ്‌എഫ് കെ-യിലെ സിനിമാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരാതികളും ബിജു ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഫിലിം ഫെസ്റ്റിവലില്‍ താനടക്കമുള്ള ചില സിനിമാ പ്രവർത്തകർക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്നും അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ ചെയർമാനെ പുറത്താക്കണം എന്ന് പരസ്യമായി പ്രസ്താവന ഇറക്കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ബിജു ആരോപിക്കുന്നു. അല്‍പ്പമെങ്കിലും ധാർമികത ബാക്കിയുണ്ടെങ്കില്‍ അക്കാദമി ചെയർമാനെ ഉടൻ പുറത്താക്കണമെന്ന് അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെടുന്നു.

വെള്ളിയാഴ്ച 'അമ്മ' നടത്തിയ പത്രസമ്മേളനത്തിനു ശേഷം സംഘടനയുടെ വൈസ് പ്രസിഡന്റു കൂടിയായ നടൻ ജഗദീഷ് ശക്തമായ നിലപാടുമായി മുന്നോട്ടു വന്നിരുന്നു. ആ നിലപാടിന് താരസംഘടനയില്‍ പിന്തുണ കൂടുന്നതായാണ് സൂചന. എക്സിക്യൂട്ടിവ് അംഗമായ അൻസിബ ഹസൻ തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കി. പുതിയ ആരോപണത്തില്‍ ഇരയുടെ ഒപ്പം നില്‍ക്കുമെന്നും തെളിവുണ്ടെങ്കില്‍ മുഖം നോക്കാതെ നടപടി വേണമെന്നും അവർ പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇത്രയും സ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അതില്‍ വസ്തുതയുണ്ടാകും, ഉത്തരവാദപ്പെട്ടവർ വേട്ടക്കാരുടെ പേരുകള്‍ പുറത്തുവിടണം- അൻസിബ ആവശ്യപ്പെട്ടു.

ശ്രീലേഖ മിത്രയെ ഉദ്ദേശിച്ചിരുന്ന വേഷത്തില്‍ പിന്നീട് അഭിനയിച്ച ശ്വേതാ മേനോൻ തനിക്ക് ഈ ഇൻഡസ്ട്രിയില്‍നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി. നേരിട്ട അനുഭവം പങ്കുവെച്ച ബംഗാളി നടിയെപ്പോലെ ഇനിയും ഒരുപാട് പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു. മലയാളസിനിമയെ നിയന്ത്രിക്കുന്നതായി പറയുന്ന പവർ ഗ്രൂപ്പില്‍ പെണ്ണുങ്ങളും ഉണ്ടാവാം. ഇവിടെയും കാസ്റ്റിങ്ങ് കൗച്ച്‌ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും എന്നാല്‍, തനിക്ക് വർക്ക് ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ കാര്യം അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു. കൂടുതല്‍ പേരുടെ വെളിപ്പെടുത്തലുകള്‍ക്ക് കാതോർക്കുകയാണ് കേരളം.

Post a Comment

Previous Post Next Post