തൃശൂർ: ഇത്തവണ പുലിക്കളി നടക്കുമോയെന്ന ആശങ്കകള്‍ ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി തൃശൂർ കോർപ്പറേഷൻ കൗണ്‍സില്‍.
പുലിക്കളി സംഘങ്ങളുടെ അഭ്യർഥന പരിഗണിച്ച് പുലിക്കളി വീണ്ടും നടത്താൻ തീരുമാനമായി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആയിരുന്നു ഇത്തവണ പുലിക്കളി വേണ്ടെന്ന തീരുമാനത്തില്‍ എത്തിയിരുന്നത്.
സംഘങ്ങളോട് കൂടിയാലോചനപോലും നടത്താതെ പുലിക്കളി ഉപേക്ഷിക്കാൻ തീരുമാനിച്ചതിനെതിരേ പുലിക്കളിസംഘങ്ങള്‍ എതിർപ്പുമായി രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ സർക്കാർ വ്യക്തത വരുത്തി. കോർപറേഷൻ പുലികളി നടത്താൻ തീരുമാനിക്കുന്ന പക്ഷം മുൻവർഷം അനുവദിച്ച തുക ഈ വർഷവും വിനിയോഗിക്കാൻ അനുമതി നല്‍കുമെന്ന് മന്ത്രി എംബി രാജേഷ് അറിയിക്കുകയായിരുന്നു.
ഇത്തവണ ഒൻപത് സംഘങ്ങളാണ് രജിസ്റ്റർ ചെയ്തത്. യുവജനസംഘം വിയ്യൂർ, വിയ്യൂർ ദേശം പുലിക്കളി സംഘം, ശങ്കരംകുളങ്ങര ദേശം പുലിക്കളി ആഘോഷക്കമ്മിറ്റി, കാനാട്ടുകര ദേശം പുലിക്കളി, പാട്ടുരായ്ക്കല്‍ ദേശം കലാകായിക സാംസ്കാരികസമിതി, അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടകസമിതി, ചക്കാമുക്ക് ദേശം പുലിക്കളി, ശക്തൻ പുലിക്കളി സംഘം, സീതാറാം മില്‍ ദേശം പുലിക്കളി സംഘാടകസമിതി എന്നീ സംഘങ്ങളാണ് ഇത്തവണ രജിസ്റ്റർ ചെയ്തിട്ടുള്ളത്. വരുംദിവസങ്ങളില്‍ കൂടുതല്‍ സംഘങ്ങള്‍ രജിസ്റ്റർ ചെയ്തേക്കും. സെപ്റ്റംബർ 18 ന് നാലാം ഓണ നാളിലാണ് പുലിക്കളി നടക്കുക.
Post a Comment