'അമ്മ ഓഫിസ് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്!'

അമ്മയുടെ ആസ്ഥാന ഓഫിസ് ഓണ്‍ലൈൻ വില്‍പന സൈറ്റായ ഒ.എല്‍‌.എക്‌സില്‍ ഏതോ വിരുതന്മാർ വില്‍പനക്ക് വച്ചത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി.
അതും വെറും 20,000 രൂപക്ക്. ഉടൻ വില്‍പനക്ക് എന്ന കുറിപ്പോടെയാണ് ഇടപ്പള്ളിയിലുള്ള അമ്മ ഓഫിസിന്റെ ചിത്രങ്ങള്‍ ഒ.എല്‍.എക്സില്‍ പോസ്‌റ്റ് ചെയ്‌തത്. 20,000 ചതുരശ്ര അടിയിലുള്ള കെട്ടിടത്തില്‍ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നല്‍കിയിട്ടുണ്ട്. മുട്ടലുകള്‍ കാരണം കതകുകള്‍ക്ക് ബലക്കുറവുണ്ടെന്നും മൂന്ന്-നാല് ദിവസങ്ങള്‍ക്കകം വില്‍പന പൂർത്തീകരിക്കണമെന്നും നല്‍കിയിട്ടുണ്ട്.ഒരു മാസത്തെ മെയിന്‍റനൻസ് ചെലവായി ഒന്നര ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ ആരാണ് പരസ്യം നല്‍കിയതെന്ന് വ്യക്തമല്ല. യുവനടിയുടെ ആരോപണത്തിനു പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറിയായ നടൻ സിദ്ദീഖ് രാജിവെച്ചതിനു പിന്നാലെയാണ് സംഘടനയില്‍ കൂട്ടരാജി. പ്രസിഡന്‍റ് മോഹൻലാലും ഭരണസമിതി അംഗങ്ങളും പിന്നാലെ രാജിവെച്ചു. രണ്ടുമാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുമെന്നും അറിയിച്ചിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമ മേഖലയെ ഒന്നടങ്കം പിടിച്ചുകുലുക്കിയിരിക്കുകയാണ്. സിനിമയിലെ പ്രമുഖർ ഉള്‍പ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തുവന്നത്.

ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെ ആരോപണങ്ങള്‍ നീണ്ടതോടെ താരസംഘടനയായ 'അമ്മ'യിലുള്ളവർക്ക് കൂട്ടമായി രാജിവെക്കേണ്ടിവന്നു. ഭാരവാഹികളെയും അമ്മ സംഘടനയെയും പരിഹസിക്കുന്ന ട്രോളുകള്‍ സമൂഹമാധ്യമങ്ങളിലും നിറഞ്ഞു. അമ്മ ഓഫിസിന് മുമ്ബില്‍ റീത്ത് വെച്ചുള്ള ലോ കോളജ് വിദ്യാര്‍ഥികളുടെ പ്രതിഷേധവും വലിയ ജനശ്രദ്ധ നേടി. ഇതിനിടെയാണ് അമ്മയുടെ ആസ്ഥാന ഓഫിസ് ഓണ്‍ലൈൻ വില്‍പന സൈറ്റായ ഒ.എല്‍‌.എക്‌സില്‍ ഏതോ വിരുതന്മാർ വില്‍പനക്ക് വെച്ചിരിക്കുന്നത്!.

അതേസമയം, നടിമാർക്കെതിരേയുള്ള അതിക്രമംതടയാൻ പ്രത്യേകസമിതി രൂപവത്കരിക്കാൻ തമിഴ് താര സംഘടനയായ നടികർ സംഘം. പത്തുപേരടങ്ങുന്ന സമിതി രൂപവത്കരിക്കാൻ നടപടി ആരംഭിച്ചുവെന്നും അധികംവൈകാതെ ഇത് നിലവില്‍വരുമെന്നും നടികർ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അറിയിച്ചു. സംഘടന നടന്മാർക്കുവേണ്ടി മാത്രമുള്ളതല്ലെന്നും നടിമാരെസംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും വിശാല്‍ പറഞ്ഞു.

കേരളത്തില്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് മുൻനിരനടന്മാർക്ക് നേരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉയർന്ന പശ്ചാത്തലത്തിലാണ് സമിതി രൂപവത്കരിക്കാൻ നടികർസംഘം തീരുമാനിച്ചത്. സമിതിയിലെ അംഗങ്ങള്‍, പ്രവർത്തനരീതി തുടങ്ങിയവയില്‍ അന്തിമതീരുമാനമായിട്ടില്ല. തമിഴ് സിനിമയിലും അവസരങ്ങള്‍ക്കായി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടാകാമെന്നും എന്നാല്‍ ഇതുവരെ സംഘടനയ്ക്ക് ഇത്തരത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും വിശാല്‍ പറഞ്ഞു.

Post a Comment

Previous Post Next Post