ഡല്‍ഹിയില്‍നിന്ന് തീവണ്ടിയില്‍ എത്തും, പിറ്റേദിവസം മടങ്ങും; ഒരു കിലോ MDMA-യുമായി യുവതി പിടിയില്‍


ആലുവ: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഒരു കിലോ എം.ഡി.എം.എ.യുമായി യുവതി പോലീസ് പിടിയില്‍. ബെംഗളൂരു മുനേശ്വര നഗറില്‍ സർമീൻ അക്തറി (26) നെയാണ് റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിയാണ് കൈവശമുണ്ടായത്. ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡല്‍ഹിയില്‍നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ത്തന്നെ തിരിച്ചുപോവുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം അവസാനം പറവൂരില്‍നിന്ന് 1.850 കിലോ എം.ഡി.എം.എ. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പിടികൂടിയിരുന്നു. റേഞ്ച് ഡി.ഐ.ജി. പുട്ട വിമലാദിത്യയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ച്‌ ഇതിന്റെ അന്വേഷണം നടക്കുകയാണ്. നർക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി. അനില്‍, ആലുവ ഡിവൈ.എസ്.പി. എ. പ്രസാദ്, ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post