ശ്രീകണ്ഠപുരം : ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോൾ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ശ്രീകണ്ഠപുരം നഗരസഭയിലും യു.ഡി.എഫിന്റെ സർവാധിപത്യം. എല്ലായിടത്തും രണ്ടായിരത്തിലേറെ ഭൂരിപക്ഷം കെ. സുധാകരന് ലഭിച്ചു.യു.ഡി.എഫിന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയതും പതിവുപോലെ ഇരിക്കൂർ തന്നെയാണ്. 34,756. മണ്ഡലത്തിലെ 151 ബൂത്തുകളിൽ യു.ഡി.എഫ്. ലീഡ് നേടി. എൽ.ഡി.എഫിന് 33 ബൂത്തുകളിൽ മാത്രമാണ് ഭൂരിപക്ഷം നേടാനായത്.
ഇത്തവണ എട്ട് ശതമാനത്തോളം പോളിങ് കുറഞ്ഞതിനാൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ യു.ഡി.എഫ്. ക്യാമ്പിൽ ആശങ്കയുണ്ടാക്കിയിരുന്നു. 2019-ലെ തിരഞ്ഞെടുപ്പിൽ 37,320 വോട്ടുകളുടെ ഭൂരിപക്ഷം നൽകിയ മണ്ഡലത്തിൽ ചെറിയ വോട്ടുകളുടെ കുറവുണ്ടായെങ്കിലും പ്രതീക്ഷിച്ചതിലും അധികമാണ് പല മേഖലയിൽ നിന്നും ലഭിച്ചത്.
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ഇരിക്കൂർ മണ്ഡലത്തിലെ ചെങ്ങളായി പഞ്ചായത്ത് മാത്രം കൈയിലുണ്ടായിരുന്ന എൽ.ഡി.എഫിന് ഇപ്പോൾ ഉദയഗിരി, പയ്യാവൂർ ഉൾപ്പെടെ മൂന്ന് പഞ്ചായത്തുകളിൽ ഭരണമുണ്ട്. എന്നാൽ എല്ലാ പഞ്ചായത്തിലും കെ. സുധാകരന്റെ തേരോട്ടമായിരുന്നു.
Post a Comment