കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാര്‍ താമസിച്ച കെട്ടിടത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ മൃതദേഹങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ 10.30 ഓടെ വിമാനം കൊച്ചിയിലെത്തും. പ്രാദേശിക സമയം പുലര്‍ച്ചെ 6.30 ഓടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പുറപ്പെട്ടത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങും ഉദ്യോഗസ്ഥരും വിമാനത്തിലുണ്ട്. വിമാനം കൊച്ചിയിലാണ് ആദ്യം ഇറങ്ങുക. തുടര്‍ന്ന് ഇവിടെ മലയാളികളുടെ മൃതദേഹം ഇറക്കിയ ശേഷം ഡല്‍ഹിയിലേക്ക് പുറപ്പെടും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ ഏറ്റുവാങ്ങും. ഇതിനായി മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ചു.
46 ഇന്ത്യക്കാരില്‍ 45 പേരുടെ മൃതദേഹങ്ങളാകും എത്തിക്കുക. ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ പിന്നീട് എത്തിക്കും. കുവൈത്തിലുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് ഇതുസംബന്ധിച്ച് നടപടികളെല്ലാം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ കൊണ്ടുപോകാനായി വൈകീട്ടോടെ തന്നെ സി 130 ജെ. വിമാനം കുവൈത്തിലെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കിയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. മൃതദേഹങ്ങളില്‍ ചിലത് കത്തിക്കരിഞ്ഞ നിലയിലാണ്. ഇക്കാരണത്താല്‍ ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷമേ ഇവ വിട്ടുനല്‍കാന്‍ കഴിയൂ. ബിഹാര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്താന്‍ വൈകുന്നത് ഇക്കാരണത്താലാണ്. ബലിപെരുന്നാള്‍ പ്രമാണിച്ച് എത്രയും വേഗം മൃതദേഹങ്ങള്‍ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കുവൈത്ത് അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതാണ് നടപടിക്രമങ്ങള്‍ എളുപ്പത്തിലായത്.
Post a Comment