സൂര്യയും ബുംറയും തിളങ്ങി; സൂപ്പർ എട്ടിൽ അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ജയം


ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് 47 റൺസിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ ബാറ്റിങ് 134 ൽ അവസാനിച്ചു. നാല് ഓവറിൽ വെറും 7 റൺസ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ബുംറയാണ് അഫ്ഗാൻ ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. ഒരു മെയ്ഡൻ ഓവറും ഇന്ത്യൻ പേസർ കളിയിൽ കണ്ടെത്തി. ബുംറയ്ക്ക് പുറമെ കുൽദീപ് യാദവും അർഷദീപ് സിങ്ങും രണ്ട് വിക്കറ്റുകൾ വീതം നേടി. ജഡേജയും അക്‌സർ പട്ടേലും ഓരോ വിക്കറ്റുകൾ നേടി.

നേരത്തെ അഫ്ഗാനിസ്താനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അഫ്‌ഗാനിസ്ഥാനെതിരെ 182 റൺസിന്റെ വിജയ ലക്ഷ്യമാണ് ഉയർത്തിയത്. 28 പന്തിൽ 53 റൺസ് നേടിയ സൂര്യകുമാർ യാദവാണ് മികച്ച ഒരു സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്. മൂന്ന് സിക്സറുകളും അഞ്ചു ഫോറുകളും അടങ്ങുന്നതായിരുന്നു വെടിക്കെട്ട് ഇന്നിങ്സ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (8), ഋഷഭ് പന്തും (20), വിരാട് കോഹ്‌ലി (24) യും ആദ്യ പത്ത് ഓവറിനുള്ളിൽ തന്നെ പുറത്തായി. 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 79 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. വിക്കറ്റ് വീണെങ്കിലും റൺറേറ്റിൽ താഴോട്ട് പോവാതിരുന്ന ടീമിനെ സൂര്യകുമാർ യാദവ് മുന്നോട്ട് നയിച്ചു. 24 പന്തിൽ 32 റൺസ് നേടി ഹർദിക് പാണ്ട്യ മികച്ച പിന്തുണ നൽകി. സ്കോർ 200 കടത്താനുള്ള ശ്രമത്തിൽ പിന്നീട് വന്ന ശിവം ദുബൈയ്ക്കും ജഡേജയ്ക്കും അക്‌സർ പട്ടേലിനുമെല്ലാം കാര്യമായ പങ്കാളിത്തം നൽകാനായില്ല.


Post a Comment

Previous Post Next Post