തേർത്തല്ലി: അഞ്ച് പതിറ്റാണ്ടുകാലം മലയോര മേഖലയില്‍ നിറസാന്നിധ്യവും പാവപ്പെട്ട രോഗികളുടെ ആശ്രയവുമായിരുന്നു തേർത്തല്ലിയില്‍ അന്തരിച്ച ഡോക്ടർ കെ.
ജെ. തോമസ് കായ്ത്തറ. മലയോരത്തെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ ഡോക്ടർ കൈവയ്ക്കാത്ത മേഖലകളില്ല. അതുകൊണ്ടുതന്നെ നാടിന് എന്നും പ്രിയപ്പെട്ടവനായിരുന്നു.
പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി ചികിത്സ നല്‍കിയും അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും ആരാരുമില്ലാതെ കഴിയുന്നവരെ എന്നും ചേർത്ത് പിടിച്ച് അവർക്ക് ആവശ്യമായ മരുന്നും ചികിത്സയും സൗജന്യമായി നല്‍കിയും സമൂഹത്തിന് മാതൃകയായിരുന്നു ഡോക്ടർ തോമസ് കായ്ത്തറ. കഴിഞ്ഞ 25 വർഷമായി കരുണാപുരം കാരുണ്യ ഭവൻ, ഉമ്മറപൊയില്‍ ശാന്തി ഭവൻ, താബോർ സ്നേഹ ഭവൻ, കടുമേനി ശാന്തി ഭവൻ തുടങ്ങിയ അഗതി മന്ദിരങ്ങളില്‍ കാരുണ്യത്തിന്‍റെ മനസുമായി മാസത്തില്‍ രണ്ടുതവണയെങ്കിലും ഡോക്ടർ കടന്നു ചെന്നിരുന്നു. അവർക്ക് ആവശ്യമായ മരുന്നും ചികിത്സയും സൗജന്യമായി നല്‍കി.
മലയോര മേഖലയില്‍ ആദ്യമായി ആലക്കോട് ലയണ്‍സ് ക്ലബ് രൂപീകരിച്ചത് ഡോക്ടറുടെ നേതൃത്വത്തിലായിരുന്നു. ക്ലബിന്‍റെ പ്രഥമ പ്രസിഡന്‍റും ഡോക്ടർ ആയിരുന്നു. നാല് ജില്ലകളില്‍ ലയണ്‍സ് ക്ലബ് കെട്ടിപ്പടുക്കുന്നതില്‍ ഡോക്ടർ ചെയ്ത സംഭാവന വളരെ വലുതാണ്.
കഴിഞ്ഞ 30 വർഷക്കാലം ആലക്കോട് ലയണ്‍സ് ക്ലബിന്‍റെ ഭാഗമായി നിന്നുകൊണ്ട് പാവപ്പെട്ടവർക്ക് നിരവധി വീടുകള്‍ നിർമിച്ചും മരുന്നുകള്‍ സൗജന്യമായി നല്‍കിയും പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകളുടെ വിവാഹത്തിന് സഹായങ്ങള്‍ നല്‍കിയും അംഗവൈകല്യം മൂലം വിഷമിക്കുന്ന വ്യക്തികള്‍ക്ക് ഉപകരണങ്ങള്‍ സൗജന്യമായി നല്‍കിയും ഡോക്ടറുടെ നേതൃത്വത്തിലുള്ള ലയണ്‍സ് ക്ലബ് ചെയ്ത സഹായങ്ങള്‍ നിരവധിയാണ്. 81 മുതലാണ് ഡോക്ടർ ആലക്കോട് തേർത്തല്ലിയില്‍ സെന്‍റ് തോമസ് എന്ന ഹോസ്പിറ്റല്‍ ആരംഭിക്കുന്നത്. അന്നുമുതല്‍ ആറ് മാസം മുമ്ബ് കാൻസർ എന്ന രോഗം പിടിക്കപ്പെടുന്നതുവരെ രോഗികള്‍ക്കും നാടിനും താങ്ങായ് കൂടെയുണ്ടായിരുന്നു ഡോക്ടർ.
മലയോരത്തിന്‍റെ
ജനകീയ ഡോക്ടർ:
കെ.സി. ജോസഫ്
ആലക്കോട്: സാധാരണ ജനങ്ങള്‍ക്ക് ഏതു സമയത്തും ആശ്രയിക്കാൻ പറ്റുന്ന മലയോര മേഖലയിലെ ഏറ്റവും ജനകീയനായ ഡോ.കെ.ജെ.തോമസിന്‍റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മുൻ മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ആലക്കോട് തേർത്തല്ലി മേഖലയിലെ ജനങ്ങള്‍ക്ക് ചികിത്സാ സൗകര്യങ്ങള്‍ പരിമിതമായിരുന്ന കാലത്ത് ഡോക്ടറുടെ സാന്നിധ്യം വലിയ അനുഗ്രഹമായിരുന്നു.
ലയണ്‍സ് ക്ലബ് പ്രസിഡന്‍റായിരുന്ന ഡോക്ടർ സാമൂഹ്യ-സാംസ്കാരിക മേഖലകളിലും നിറ സാന്നിധ്യമായിരുന്നു. എല്ലാവരുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ച ഡോ.കെ.ജെ. തോമസിന്‍റെ ആകസ്മിക നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
Post a Comment