സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സവാള വില വീണ്ടും ഉയരുന്നു

കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം സവാള വില വീണ്ടും ഉയരുന്നു. ഏഴു ദിവസംകൊണ്ട് സവാളവിലയില്‍ പത്തുരൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
വരും ദിവസങ്ങളിലും വിപണിയില്‍ വില ഉയരാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നാണു കൂടുതലായും സവാള സംസ്ഥാനത്തേക്ക് എത്തുന്നത്. തമിഴ്നാട്ടില്‍ കനത്ത മഴ കാരണം കൃഷി നശിച്ചതുമൂലം മൊത്തവിപണിയില്‍ സവാളയുടെ വരവ് കുറഞ്ഞിട്ടുണ്ട്.ഇന്ത്യയില്‍ കൂടുതല്‍ സവോള ഉത്പാദിപ്പിക്കുന്ന മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളില്‍ കടുത്ത വരള്‍ച്ച മൂലം ഉത്പാദനം വേണ്ടത്രയില്ല. ഇതും വിലക്കയറ്റത്തിനു കാരണമായി.

കഴിഞ്ഞ ആഴ്ച 20 മുതല്‍ 30 രൂപ ഉണ്ടായിരുന്ന വിലയാണ് ഒറ്റയടിക്ക് 40 ല്‍ എത്തിയത്. ചിലയിടങ്ങില്‍ 44 രൂപയാണ് ചില്ലറ വില്‍പ്പന. സവാളയുടെ വരവ് മൊത്തവിപണിയില്‍ കുറഞ്ഞതാണു വില കൂടാന്‍ കാരണം. തെരഞ്ഞെടുപ്പ് സമയത്ത് സവാള വില ഉയരാതിരിക്കാൻ സവാളയുടെ കയറ്റുമതി കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. അടുത്തിടെ ഈ നിരോധനം നീക്കിയിരുന്നു. കയറ്റുമതി കൂടിയതോടെ വിപണിയില്‍ വില ഉയരാൻ തുടങ്ങി.

Post a Comment

Previous Post Next Post