നടുവിൽ: രണ്ട് കോടി രൂപയോളം ചെലവിട്ട് വിനോദസഞ്ചാര വകുപ്പ് നിർമിച്ച പൈതൽമല ടൂറിസ്റ്റ് കോംപ്ലക്സ് കാടുകയറി നശിക്കുന്നു. മലഞ്ചെരുവിൽ അടുത്തടുത്തായി രണ്ടിടങ്ങളിൽ മനോഹരമായി നിർമിച്ച ഇരുനില കെട്ടിടമാണ് അനാഥമായി നശിക്കുന്നത്. 15 മുറികളും ഹോട്ടലും വിശ്രമമുറിയും പാർക്കും സമുച്ചയത്തിലുണ്ടായിരുന്നു. 2011 ഫെബ്രുവരി 15-ന് അന്നത്തെ ആഭ്യന്തര ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്.
അക്കാലത്ത് പൈതൽമലയിലെ ആദ്യ റിസോർട്ടാണിത്. കാടിനുള്ളിലെ റിസോർട്ടിലേക്ക് പൊട്ടൻപ്ലാവിൽനിന്ന് എട്ട് കിലോമീറ്ററോളം റോഡ് നിർമിച്ച് ടാറിങ് നടത്തിയതും വൈദ്യുതി എത്തിച്ചതും ഇന്റർനെറ്റ് സൗകര്യം ഉണ്ടാക്കിയതും കോംപ്ലക്സിനുവേണ്ടി സർക്കാരാണ്. നടത്തിപ്പിന് സർക്കാർ തയ്യാറല്ലാതിരുന്നതിനാൽ ഉദ്ഘാടനശേഷം കുറച്ചുകാലം അടഞ്ഞുകിടന്നു. പിന്നീട് സ്വകാര്യ ഏജൻസിക്ക് 10 വർഷത്തെ കരാറിൽ കൈമാറി.
മാസം 1,25,000 രൂപയ്ക്കായിരുന്നു കരാർ. ഈ ഏജൻസി സർക്കാർ അറിയാതെ മറ്റൊരാൾക്ക് നടത്തിപ്പ് കൈമാറി. അതിനിടെ നിരവധി നിർമാണങ്ങളും നടത്തി. ഈ റിസോർട്ടുമായി ബന്ധിപ്പിച്ചുകൊണ്ട് തൊട്ടടുത്ത സ്ഥലത്ത് നീന്തൽക്കുളവും കോൺഫറൻസ് ഹാളും കടമുറികളുമുള്ള സമുച്ചയവും നിർമിച്ചു. കാലാവധി തീർന്നതിനെ തുടർന്ന് കോംപ്ലക്സ് ഒഴിയാൻ ഡി.ടി.പി.സി. ആവശ്യപ്പെട്ടെങ്കിലും കരാറെടുത്തവർ തയ്യാറായില്ല.
ഇവർ സർക്കാരിനെതിരേ കേസ് കൊടുക്കുകയുംചെയ്തു. ഇതോടെ കാടുമൂടി നശിക്കുന്ന നിലയിലെത്തുകയായിരുന്നു. ലക്ഷങ്ങളുടെ ടെൻഡർ തുക അടക്കാതെ കുടിശ്ശികയുമുണ്ട്.
Post a Comment