ആലക്കോട്: വനത്തില്‍ നായാട്ടിനിടെ കള്ളത്തോക്കുകളുമായി യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തു. ആലക്കോട് കാപ്പിമലയിലെ ശ്യാംകുമാറിനെയാണ് (37) കരുവഞ്ചാല്‍ കരാമരംതട്ട് സെക്ഷൻ ഫോറസ്റ്റർ കെ.
മധുവും സംഘവും അറസ്റ്റ് ചെയ്തത്. കരാമരംതട്ടിലെ വനത്തില്‍ നാടൻ തോക്ക് ഉപയോഗിച്ച് മൃഗങ്ങളെ വേട്ടയാടുകയായിരുന്നു ശ്യാംകുമാർ. ഈ സമയം വനത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ.
വെടിയൊച്ച കേട്ട് നോക്കിയപ്പോഴാണ് ശ്യാംകുമാർ തോക്കുമായി നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ശ്യാംകുമാറിനെ പിന്തുടർന്ന് പിടികുടുകയായിരുന്നു. ഇയാളില്‍നിന്നും രണ്ട് നാടൻ തോക്കുകള്‍ കണ്ടെടുത്തു. ഒന്ന് കൈയിലും മറ്റൊന്ന് പാർട്സുകളാക്കി ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു.
കേരളം, കർണാട വനങ്ങള്‍ കേന്ദ്രീകരിച്ച് നായാട്ട് നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് സംശയത്തിലാണ് വനംവകുപ്പ്. കോടതിയില്‍ ഹാജരാക്കിയ ശ്യാംകുമാറിനെ റിമാൻഡ് ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിജില്‍, നിജേഷ്, രേഷ്‌മ, മനോജ്, സിബി, ബാബു എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. തോക്കുകളുടെ ഉറവിടം കണ്ടെത്തുന്നതിനും കൂടുതല്‍ അന്വേഷണത്തി നായി വനംവകുപ്പ് പ്രസ്തുത കേസ് ആലക്കോട് പോലീസിന് കൈമാറി.
Post a Comment