സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി; മനുതോമസിന് പൊലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിര്‍ദേശം നല്‍കി

ആലക്കോട്: സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് പുറത്താക്കിയ മനുതോമസിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനം.
വീടിനും വ്യാപാരസ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവി ആലക്കോട് പൊലീസിന് നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. 

ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി ഉള്‍പ്പടെ വന്ന സാഹചര്യത്തിലാണ് പൊലീസ് സംരക്ഷണം നല്‍കാനുള്ള തീരുമാനം. പാര്‍ട്ടി വിട്ടതിന് സിപിഎം നേതാവ് പി ജയരാജന്‍ മനുതോമസിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നിരുന്നു. അതിന് മനുതോമസ് സാമൂഹിക മാധ്യമത്തിലൂടെ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ മനുതോമസിനെതിരെ വ്യാപകമായി വധഭീക്ഷണി സന്ദേശം ഉയര്‍ന്നത്.

ശുഹൈബ് വധക്കേസിലെയും സ്വര്‍ണക്കടത്ത് കേസിലെയും പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പടെ ഭീഷണി സന്ദേശവുമായി എത്തിയിരുന്നു. എന്തുവിളിച്ച്‌ പറയാന്‍ പറ്റില്ലെന്ന് ബോധ്യപ്പെടുത്താന്‍ അധികനേരം വേണ്ടയെന്നായിരുന്നു ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്ക് കമന്റ്. വധഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് സുരക്ഷയൊരുക്കാനുള്ള പൊലീസിന്റെ തീരുമാനം. തനിക്കോ വീടിനോ കച്ചവടസ്ഥാപനങ്ങള്‍ക്കോ സുരക്ഷ വേണ്ടെന്ന നിലപാടാണ് മനുതോമസിന്റേത്.


Post a Comment

Previous Post Next Post