കാശെടുത്താല്‍ കാശ് പോകുമോ? എ ടി എം കൈമാറ്റ നിരക്കില്‍ വീണ്ടും വര്‍ധനവുണ്ടായേക്കും


 എ ടി എം ഉപയോഗത്തിന്റെ കൈമാറ്റ നിരക്കില്‍ വര്‍ധനവ് വേണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (സിഎടിഎംഐ).

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും മുൻപിലാണ് സിഎടിഎംഐ ഈ ആവശ്യമുയർത്തിയിരിക്കുന്നത്. 

മറ്റു ബാങ്കുകളുടെ എ ടി എം വഴി പണം പിന്‍വലിക്കുന്നതിന് ഈടാക്കുന്ന തുകയാണ് കൈമാറ്റ നിരക്ക് അഥവാ ഇന്റർ ചേഞ്ച് ഫീസ്. ഏത് ബാങ്കിന്റെ എ ടി എമ്മില്‍ നിന്നുമാണോ പണം പിന്‍വലിക്കുന്നത്, ആ ബാങ്കിലേക്ക് കാര്‍ഡ് ഇഷ്യൂ ചെയ്യുന്ന ബാങ്കാണ് ഈ പണം അടയ്ക്കുന്നത്. 

നിലവില്‍ ബെംഗളുരു, ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ, മുംബൈ തുടങ്ങിയ ആറ് മെട്രോ നഗരങ്ങളിലെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് പ്രതിമാസം എടിഎമ്മുകള്‍ മുഖേനയുള്ള അഞ്ച് ഇടപാടുകള്‍ വരെ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിച്ച്‌ മൂന്ന് ഇടപാടുകളാണ് ഈ നഗരങ്ങളില്‍ സൗജന്യമായി നടത്താവുന്നത്. 

ഇവയൊഴികെയുള്ള നഗരങ്ങളില്‍ മറ്റു ബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിച്ച്‌ അഞ്ച് ഇടപാടുകളാണ് സൗജന്യമായി നടത്താവുന്നത്. ഇതിനുശേഷമുള്ള ഓരോ ഇടപാടിനും എടിഎം കാർഡ് ഇഷ്യു ചെയ്ത ബാങ്ക്, ഏത് എടിഎമ്മില്‍നിന്നാണോ പണം പിൻവലിക്കുന്നത് അതിന്റെ ഉടമസ്ഥതയുള്ള ബാങ്കിന് 21 രൂപ വീതം ഇന്റർ ചേഞ്ച് ഫീസായി നല്‍കണം. ഈ തുക എടിഎം കാർഡ് ഉടമയില്‍നിന്ന് അത് ഇഷ്യു ചെയ്ത ബാങ്ക് ഈടാക്കുകയും നാല് രൂപ കുറച്ച്‌ മറ്റേ ബാങ്കിന് കൈമാറുകയുമാണ് ചെയ്യുന്നത്. ഇന്റർ ചേഞ്ച് ഫീസ് രണ്ടു രൂപ ഉയര്‍ത്തി 23 ആക്കണമെന്നാണ് സിഎടിഎംഐയുടെ ആവശ്യം. 

കൈമാറ്റ നിരക്കില്‍ വര്‍ധനവ് നല്‍കിയിട്ട് രണ്ടുവര്‍ഷം പിന്നിടുകയാണ്. 2021ല്‍ കൈമാറ്റ നിരക്ക് 15 രൂപയില്‍ നിന്ന് 17 ആയി ഉയര്‍ത്തിയിരുന്നു. സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള എല്ലാ പണമിടപാടുകള്‍ക്കും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന 'ക്യാപ് ഓണ്‍ ഫീ' 20ല്‍ നിന്ന് 21 ആയി ഉയര്‍ത്തുകയും ചെയ്തു.

Post a Comment

Previous Post Next Post