വിജയ് ചിത്രം പോക്കിരി റീ റിലീസിന് ഒരുങ്ങുന്നു

കോളിവുഡിന് പുത്തനുണർവാണ് വിജയ്‌യുടെ റീ റിലീസ് ചിത്രങ്ങളിലൂടെ കിട്ടാറുള്ളത്. തിയേറ്ററുകളിലേക്ക് വീണ്ടുമെത്തി രണ്ടാഴ്ചയ്‌ക്കുള്ളില്‍ ചിത്രം 30 കോടിക്ക് മുകളിലാണ് നേടിയത്.
ഗില്ലി തുടങ്ങിവെച്ച റീ റിലീസ് ഹൈപ്പിലേക്ക് മറ്റൊരു വിജയ് ചിത്രം കൂടി വരുന്നു എന്ന വാർത്തകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

വിജയ്‌യെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത പോക്കിരി എന്ന സിനിമയാണ് 4കെ, ഡോള്‍ബി അറ്റ്മോസ് സാങ്കേതികവിദ്യകളില്‍ റീമാസ്റ്റര്‍ ചെയ്തു തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. വിജയ്‍യുടെ പിറന്നാള്‍ ദിനത്തിന് തലേദിവസം, ജൂണ്‍ 21നാണ് പോക്കിരി ആഗോളതലത്തില്‍ വീണ്ടും റിലീസ് ചെയ്യുന്നത്.

മഹേഷ് ബാബു നായകനായ അതേപേരിലുള്ള സിനിമയുടെ തമിഴ് റീമേക്കായിരുന്നു തമിഴിലെ പോക്കിരി. 2007 ജനുവരിയില്‍ പുറത്തിറങ്ങിയ ചിത്രം തമിഴ്‌നാട്ടില്‍ 200 ദിവസങ്ങളിലധികമാണ് പ്രദർശിപ്പിച്ചത്. തമിഴ് സിനിമയില്‍ 75 കോടി കളക്റ്റ് ചെയ്ത ആദ്യ സിനിമയായി മാറിയിരുന്നു പോക്കിരി.

അതേസമയം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടാണ് വിജയ്‍യുടേതായി ഏറ്റവും പുതിയതായി റിലീസ് ചെയ്യുന്ന ചിത്രം. സെപ്തംബർ അഞ്ചിനെത്തുന്ന സിനിമയില്‍ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്.

Post a Comment

Previous Post Next Post