9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കണ്ണൂര്‍ കാസര്‍കോട് തീരങ്ങളില്‍ കടലാക്രമണ സാധ്യത; ഇന്നും മഴ തന്നെ

തിരുവനന്തപുരം:  സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞുവെങ്കിലും ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
9 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വടക്കൻ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെ ന്യൂന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. 

മധ്യ ഗുജറാത്തിനു മുകളില്‍ ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു പടിഞ്ഞാറൻ തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയാണ്. 

അതിനാല്‍ കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. ഉയർന്ന തിരമാലകളും, കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. 

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് രാത്രി 08.30 വരെ 3.0 മുതല്‍ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 

കേരള തീരത്തും, തമിഴ്‌നാട് തീരത്തും 29-06-2024 രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. 

ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കണം. തെക്ക് -പടിഞ്ഞാറൻ അറബിക്കടല്‍ അതിനോട് ചേർന്ന തെക്ക് -കിഴക്കൻ അറബിക്കടല്‍, മധ്യ അറബിക്കടല്‍, വടക്കൻ ആന്ധ്രാപ്രദേശ് തീരം അതിനോട് ചേർന്നുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 

Tweet Facebook Whatsapp Telegram

Post a Comment

Previous Post Next Post