മലയാളി പ്രവാസികള്‍ 22 ലക്ഷം; കഴിഞ്ഞ വര്‍ഷം നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ

മലയാളി പ്രവാസികള്‍ 2023ല്‍ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ. 22 ലക്ഷം മലയാളികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നത്.
2023ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടിലാണ് ഈ വിവരങ്ങള്‍. കുടിയേറ്റത്തിലെ പുതിയ പ്രവണതകള്‍ കേരളത്തിന്റെ ജനസംഖ്യാ ഘടനയിലും സമ്ബദ്വ്യവസ്ഥയിലും കാര്യമായ സ്വാധീനം ചെലുത്തുന്നതായും ഇക്കാര്യത്തില്‍ നയപരമായ ഇടപെടലുകള്‍ ആവശ്യമാണെന്നും റിപ്പോർട്ട് പറയുന്നു.

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഡോ. ഇരുദയ രാജന്റെ നേതൃത്വത്തില്‍ നടത്തിയ മൈഗ്രേഷൻ സർവേ റിപ്പോർട്ട് ലോക കേരള സഭയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

കോവിഡ് മഹാമാരിക്കാലത്തുണ്ടായ ഇടിവിനു ശേഷം 2023ല്‍ കേരളത്തിലേക്കെത്തുന്ന ആകെ പ്രവാസി പണത്തില്‍ വൻ കുതിച്ചുചാട്ടമുണ്ടായതായി റിപ്പോർട്ട് പറയുന്നു. 2018ലെ കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ടില്‍ 85,092 കോടി രൂപയായിരുന്നു നാട്ടിലേക്കെത്തുന്ന ആകെ എൻആർഐ പണമായി കണ്ടെത്തിയിരുന്നെങ്കില്‍ അഞ്ചു വർഷത്തിനിപ്പുറം അതില്‍ 154.9 ശതമാനം വർധനവു കാണിക്കുന്നു.

പ്രവാസികള്‍ അവരുടെ കേരളത്തിലെ വീടുകളിലേക്ക് അയക്കുന്ന പണത്തിലും ഗണ്യമായ വർധന 2023ല്‍ കാണിക്കുന്നുണ്ട്. 37,058 കോടി രൂപ അയച്ചതായാണു സർവേ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ എൻആർഐ നിക്ഷേപങ്ങളില്‍ 21 ശതമാനം വിഹിതം കേരളത്തിന്റേതാണ്. 2019 മുതല്‍ ഈ കണക്കില്‍ സ്ഥിരത കാണിക്കുന്നുണ്ട്.

നാട്ടിലേക്കുള്ള എൻആർഐ പണത്തിന്റെ അളവില്‍ വലിയ വർധനവുണ്ടെങ്കിലും കേരളത്തില്‍നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഗണ്യമായ വർധയുണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട് പറയുന്നത്. 2018ല്‍ 21 ലക്ഷമായിരുന്ന പ്രവാസികളുടെ എണ്ണം 2023ല്‍ 22 ലക്ഷത്തില്‍ എത്തി നില്‍ക്കുന്നു. വിദ്യാർഥി കുടിയേറ്റം വൻതോതില്‍ വർധിച്ചതാണ് പ്രവാസികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതെ തുടരുന്നതെന്ന വസ്തുതയും റിപ്പോർട്ട് കാണിക്കുന്നു.

2018ല്‍ 1,29,763 വിദ്യാർഥി കുടിയേറ്റക്കാരാണുണ്ടായിരുന്നതെങ്കില്‍ 2023ല്‍ അത് 2,50,000 ആയി വർധിച്ചു. കേരളത്തില്‍നിന്നുള്ള പ്രവാസത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം ചൂണ്ടിക്കാണിക്കുന്നതാണ് ഈ കണക്കെന്നു പറയുന്ന സർവേ റിപ്പോർട്ട് 17 വയസിനു മുൻപുതന്നെ നാടു വിടുന്നവരുടെ എണ്ണത്തില്‍ വർധനവുണ്ടാകുന്നതായും ചൂണ്ടിക്കാട്ടുന്നു. വിദേശത്തു പഠിക്കാൻ യുവതലമുറ കൂടുതല്‍ താത്പര്യം കാണിക്കുന്നു.

Post a Comment

Previous Post Next Post