കണ്ണൂര്‍: പ്ലസ് വണ്‍ ഒന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെട്ടത് 20,569 പേർ മാത്രം.
17,451 വിദ്യാർഥികള്‍ പട്ടികയ്ക്ക് പുറത്തായി. ട്രയല്‍ അലോട്ട്മെന്‍റ് സീറ്റ് ലഭിക്കാത്ത126 പേർ മാത്രമാണ് അധികമായി ഒന്നാംഘട്ട അലോട്ട്മെന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്.
ജില്ലയില്‍ 38,020 പേരാണ് ഏകജാലകം വഴി പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നത്. 20,443 വിദ്യാര്‍ഥികള്‍ ട്രയല്‍ അലോട്ട്മെന്‍റില്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും ഒന്നാംഘട്ട ലിസ്റ്റില്‍ 20569 പേർക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്.
ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ മെറിറ്റ്, നോണ്‍ മെറിറ്റ്, സ്‌പോര്‍ട്‌സ് വിഭാഗങ്ങളിലായി ആകെ 35,700 സീറ്റുകളാണുള്ളത്. ഇതില്‍ 28,493 മെറിറ്റ് സീറ്റുകളാണ്. കണക്ക് പ്രകാരം 7,924 സീറ്റുകളാണ് മെറിറ്റില്‍ ബാക്കിയുള്ളത്. സ്പോർട്സ് വിഭാഗത്തില്‍ 603 അപേക്ഷകരില്‍ 486 പേർ അലോട്ട്മെന്‍റ് ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുണ്ട്. സ്പോർട്സ് വിഭാഗത്തില്‍ 684 സീറ്റുകളാണുള്ളത്. ഇതില്‍ 198 സീറ്റുകള്‍ ബാക്കിയിട്ടുണ്ട്.
അപേക്ഷകരേക്കാള്‍ കൂടുതല്‍ സീറ്റുള്ളതിനാല്‍ സ്പോർട്സ് വിഭാഗത്തില്‍ അപേക്ഷിച്ച എല്ലാവർക്കും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർഥികള്‍.
ഭിന്നശേഷി വിഭാഗത്തില്‍ 311 പേർ അലോട്ട്മെന്‍റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഈ വിഭാഗത്തില്‍ ആകെയുള്ള 619 സീറ്റുകളില്‍ 308 സീറ്റുകള്‍ ബാക്കിയുണ്ട്. മെറിറ്റില്‍ ബാക്കിയുള്ള സീറ്റുകളില്‍ കൂടി പ്രവേശനം പൂര്‍ത്തിയായാലും 9527 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കില്ല. ഇവര്‍ ബാക്കിയുള്ള അലോട്ട്‌മെന്‍റുകള്‍ പൂര്‍ത്തിയാകുന്നത് വരെ കാത്തിരിക്കേണ്ടി വരും.
വിഎച്ച്‌എസ്‌ഇയില്‍ 1,500 ഉം പോളിടെക്‌നിക് വിഭാഗത്തില്‍ കണ്ണൂര്‍ പോളിയില്‍ 340, മട്ടന്നൂര്‍ പോളിയില്‍ 240,പയ്യന്നൂര്‍ പോളിയില്‍ 230ഉം സീറ്റുകളുണ്ട്. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഈ വിഭാഗത്തില്‍ അപേക്ഷിക്കുമെന്നാണ് പ്രതീക്ഷ. വിജയശതമാനം കൂടുതലായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ആദ്യ ഓപ്ഷൻ നല്‍കിയ സ്‌കൂളില്‍ പ്രവേശനം ലഭിച്ചിട്ടില്ലെന്ന് പരാതികള്‍ ഉയരുന്നുണ്ട്. മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കു പോലും അഞ്ചാമതും ആറാമതും ഓപ്ഷന്‍ നല്‍കിയ സ്‌കൂളിലാണ് പ്രവേശനം ലഭിച്ചത്.
പ്ലസ് വണ്‍ ഏകജാലക സംവിധാനത്തിലൂടെ എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ച 35357 വിദ്യാര്‍ഥികളും സിബിഎസ്‌ഇ പരീക്ഷയില്‍ വിജയിച്ച 1957 വിദ്യാര്‍ഥികളും ഐസിഎസ്‌ഇ പരീക്ഷയില്‍ വിജയിച്ച 86 വിദ്യാര്‍ഥികളും മറ്റുള്ള സ്‌കീമുകളില്‍ നിന്നായി 617 വിദ്യാര്‍ഥികളും മറ്റു ജില്ലകളില്‍ നിന്നുള്ള 2304 വിദ്യാര്‍ഥികളുമാണ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിച്ചത്. ജില്ലയില്‍ ഇത്തവണ പരീക്ഷ എഴുതിയ 36,070 വിദ്യാര്‍ഥികളില്‍ 36024 പേരും വിജയിച്ചിട്ടുണ്ട്. 6794 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. 99.87 ആണ് വിജയശതമാനം.
Post a Comment