കണ്ണൂർ: കേരളത്തിലെ മുഴുവന്‍ അതി ദരിദ്രര്‍ക്കും ക്ഷീര വികസന വകുപ്പ് പശുക്കളെ നല്‍കുമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.
ചിഞ്ചുറാണി പറഞ്ഞു. ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അതിദരിദ്രരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. പശുവിനെ വാങ്ങുന്ന ഒരു ലക്ഷം രൂപയില്‍ 94000 രൂപയും നല്‍കുന്നത് വകുപ്പാണ്. സമാന രീതിയില്‍ കയര്‍, തോട്ടം, മത്സ്യം എന്നീ മേഖലയിലെ തൊഴിലാളികളെയും ഉയര്‍ത്തിക്കൊണ്ടുവരും. തോട്ടം തൊഴിലാളികള്‍ക്ക് പശുക്കളെ നല്‍കുമ്ബോള്‍ അവര്‍ താമസിക്കുന്ന ലയങ്ങളില്‍ തന്നെ പാല്‍ വില്‍പ്പന നടത്താം. ഇതിലൂടെ വരുമാനവും വര്‍ധിക്കും.
പാലുല്‍പ്പാദനത്തില്‍ കേരളം സ്വയം പര്യാപ്തതയുടെ അരികിലെത്തി. ഇതില്‍ മാത്രമല്ല മാംസം, പച്ചക്കറി ഉല്‍പാദനത്തിലും സ്വയം പര്യാപ്തമാകാന്‍ കഴിയണം. പാല്‍ ഉല്‍പ്പാദന ക്ഷമതയില്‍ കേരളത്തിന് രണ്ടാം സ്ഥാനമാണ്. ഇന്ത്യയില്‍ ഏറ്റവും മികച്ച പാല്‍ ലഭിക്കുന്നത് വടക്കന്‍ കേരളത്തിലാണ്. ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതോടെ കര്‍ഷകരുടെ നിരന്തര ആവശ്യപ്രകാരമാണ് പാലിന് ആറ് രൂപ കൂട്ടിയത്. ഇതില്‍ 5.13 രൂപയുടെ ഗുണവും കര്‍ഷകര്‍ക്കാണ് ലഭിക്കുന്നത്. ബാക്കി മാത്രമാണ് ക്ഷീര സംഘങ്ങള്‍ക്കും മില്‍മക്കും ലഭിക്കുക.
ക്ഷീര കര്‍ഷകര്‍ക്കുള്ള ക്ഷേമനിധി ഏറെ ശ്രദ്ധേയമാണ്. ചികിത്സക്ക് ഒരു ലക്ഷം, അപകടത്തില്‍ മരണപ്പെട്ടാല്‍ ഏഴ് ലക്ഷം, മക്കളുടെ പഠനത്തിന് 25000 എന്നിങ്ങനെ സാമ്ബത്തിക സഹായം ലഭിക്കുന്നു. ഇത് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.
പിലാത്തറയിലെ ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക് അഗ്രി മാര്‍ട്ടില്‍ നടന്ന ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകരെയും സംഘങ്ങളെയും ആദരിക്കല്‍, മികച്ച സംഘം പ്രസിഡണ്ടിനെ ആദരിക്കല്‍, ഹരിത സംഘത്തിനുള്ള അവാര്‍ഡ് വിതരണം, മികച്ച ക്ഷേമനിധി കര്‍ഷകനെ ആദരിക്കല്‍, തൊഴുത്ത് ശുചീകരണത്തിനുള്ള അവാര്‍ഡ് വിതരണം, ക്ഷീരസാന്ത്വനം ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ എൻറോള്‍ ചെയ്ത ക്ഷീര സംഘത്തെ ആദരിക്കല്‍ എന്നിവ മുന്‍ എം.പി പി.കെ. ശ്രീമതി, മുന്‍ എം.എല്‍.എ ടി.വി. രാജേഷ്, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ഷാജിര്‍, ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് എം. ശ്രീധരന്‍, കര്‍ഷക ക്ഷേമനിധി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആർ. രാംഗോപാല്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ടി.തമ്ബാന്‍ മാസ്റ്റര്‍, സംഘാടക സമിതി ചെയര്‍മാന്‍ കെ.സി. തമ്ബാന്‍, വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഒ. സജിനി, ആത്മ പ്രൊജക്‌ട് ഡയറക്ടര്‍ എം.എന്‍. പ്രദീപന്‍, ക്ഷീരസംഘം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Post a Comment