സഫാരി പാര്‍ക്കിന് വീണ്ടും ജീവൻ വച്ചു ടൂറിസത്തില്‍ പുതു പ്രതീക്ഷ

കണ്ണൂർ : .നാടുകാണിയില്‍ പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടത്തില്‍ അനിമല്‍ സഫാരി പാർക്ക് സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയെങ്കിലും പിന്നീട് പ്രവർത്തനം മന്ദഗതിയിലായിരുന്നു.

എന്നാല്‍ 300 കോടി അനുവദിച്ചുളളള ബഡ്ജറ്റ് പ്രഖ്യാപനത്തോടെ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചിരിക്കുകയാണ്. സ്ഥലം എം.എല്‍.എ.യും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ എം.വിഗോവിന്ദൻ മുൻകൈയെടുത്താണ് പാർക്ക് സ്ഥാപിക്കാൻ ശ്രമിക്കുന്നത്.

ചപ്പാരപ്പടവ്, കുറുമാത്തൂർ പഞ്ചായത്തുകളില്‍ വ്യപിച്ചുകിടക്കുന്നതാണ് തോട്ടം. ഇവിടെ വാഹനത്തില്‍ സഞ്ചരിച്ച്‌ മൃഗങ്ങളെ കാണാനാകുംവിധത്തിലാണ് പാർക്ക് വിഭാവനംചെയ്യുന്നത്.

തുടക്കം കഴിഞ്ഞ ജൂണില്‍

കഴിഞ്ഞ ജൂണിലാണ് പാർക്ക് സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. തുടർന്ന് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ മൃഗശാലാവകുപ്പിന്റെയും പ്ലാന്റേഷൻ കോർപ്പറേഷന്റെയും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ഇതുസംബന്ധിച്ച്‌ സെപ്റ്റംബറില്‍ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേർന്നെങ്കിലും കാര്യമായ തുടർനടപടികളുണ്ടായില്ല.പദ്ധതിക്കെതിരേ സി.പി.ഐ. പ്രാദേശികഘടകവും എ.ഐ.ടി.യു.സി.യും രംഗത്തുവന്നതും പദ്ധതിയുടെ വേഗം കുറയാൻ കാരണമായി.

പ്ലാന്റേഷൻ കോർപ്പറേഷന് കീഴിലെ തൊഴിലാളികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു എ.ഐ.ടി.യു.സി. പ്രതിഷേധം. നിരവധി പാരിസ്ഥിതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന നാടുകാണിയില്‍ മൃഗശാല സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നായിരുന്നു സി.പി.ഐ. നാടുകാണി ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്റെ ആവശ്യം.മുന്നൂറോളം ഏക്കറിലായാണ് നാടുകാണിയിലെ തോട്ടംഭൂമി. ഏഷ്യയിലെ ഏറ്റവും വലിയ കറുവ തോട്ടങ്ങളിലൊന്നാണിത്. ആലക്കോട് സർക്കാർ എസ്റ്റേറ്റ് എന്ന ഭൂമി 2003ല്‍ ആദിവാസികള്‍ക്ക് പതിച്ചുനല്‍കാനായി സർക്കാർ ഏറ്റെടുത്തു. പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള സ്ഥലത്ത് ഇപ്പോള്‍ ഔഷധസസ്യങ്ങളാണ് കൂടുതലും.കശുവണ്ടി, കറുവപ്പട്ട, പാഷൻ ഫ്രൂട്ട് തുടങ്ങി വിവിധ വിളകള്‍ വളർത്തുന്നു. എസ്റ്റേറ്റില്‍ മൂവായിരത്തിലധികം കറുവാപ്പട്ടകളുണ്ട്,

മൃഗശാലയ്ക്ക് അനുയോജ്യം

മൃഗശാലാ അതോറിറ്റിയുടെ മാർഗനിർദേശങ്ങളനുസരിച്ച്‌ ഇവിടെ സഫാരി പാർക്കിന് അനുയോജ്യമാണെന്നാണ് വിലയിരുത്തല്‍.കേന്ദ്രനിയമപ്രകാരം വലിയ കാറ്റഗറിയിലുള്ള മൃഗശാല സ്ഥാപിക്കാൻ 186 ഏക്കറാണ് വേണ്ടത്. ഇതിനൊപ്പം സഫാരി പാർക്ക് സ്ഥാപിക്കാൻ 50 മുതല്‍ 75 വരെ ഏക്കർ ഭൂമി കൂടി വേണം.വെള്ളക്കെട്ടില്ലാത്തതും പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കാത്തതുമായ സ്ഥലമാണ് മൃഗശാലകള്‍ക്ക് പരിഗണിക്കുന്നത്. നാടുകാണിയില്‍ ഇത്തരം പ്രശ്നങ്ങള്‍ ഇല്ല. മൂന്നു വർഷത്തിനുള്ളില്‍ നിർമ്മാണം പൂർത്തീകരിച്ച്‌ മൃഗശാല തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയായാല്‍ കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയായിരിക്കും നാടുകാണിയിലേത്.

Post a Comment

Previous Post Next Post