മോട്ടർ വാഹന നിയമലംഘനം; ഇ ചലാനുകൾ ഇനി മലയാളത്തിലും

 


തിരുവനന്തപുരം :  മോട്ടർ വാഹന നിയമലംഘനങ്ങൾ കണ്ടെത്തി തയാറാക്കുന്ന ഇ ചലാനുകൾ ഇനി മലയാളത്തിലും വായിക്കാം. മുൻപ് ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ആയിരുന്നു വിവരണം. ഇപ്പോൾ ഇംഗ്ലിഷ്, മലയാളം എന്നിങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്.  ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം എന്താണ് എന്നത് വാഹന ഉടമകൾക്ക് വ്യക്തമായി മനസിലാക്കാനാകും. ഇ ചലാൻ ലഭിക്കുമ്പോൾ എന്തെങ്കിലും പരാതികൾ ഉന്നയിക്കാൻ വെബ് മേൽവിലാസവും വിലാസവും ഉൾപ്പെടുത്തി. 


https://echallan.parivahan.gov.in/gsticket എന്ന മേൽവിലാസം എല്ലാ ഇ ചലാനുകളിലും പ്രിൻറ് ചെയ്തു വരും. പേര്, ഫോൺ നമ്പർ, ഇ മെയിൽ വിലാസം, ഇ ചലാൻ നമ്പർ, വാഹന നമ്പർ തുടങ്ങിയവ രേഖപ്പെടുത്തി എന്താണു പരാതി എന്നറിയിക്കാം. ഇത്തരത്തിൽ പരാതിപ്പെടുമ്പോൾ ടിക്കറ്റ് നമ്പർ ലഭിക്കും.


ഫോട്ടോയും അപ്‌‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. പിഴ അടയ്ക്കാൻ ഉള്ള തടസങ്ങൾ, വാഹനത്തിന്റെ നമ്പർ മാറിയതു മൂലം തെറ്റായ പിഴ ലഭിക്കൽ, എന്താണു നിയമലംഘനം എന്നു രേഖപ്പെടുത്താതിരിക്കൽ, രേഖകൾ കണ്ടുകെട്ടൽ, പിഴ അടച്ചിട്ടും വാഹൻ പോർട്ടലിൽനിന്നും മറ്റ് സർവീസുകൾ ലഭിക്കാതിരിക്കൽ തുടങ്ങിയ കാരണങ്ങൾക്ക് ഇ പോർട്ടൽ വഴി പരാതിപ്പെടാം.


മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തയാറാക്കുന്ന ഇ ചലാനുകളെപ്പറ്റിയും എഐ ക്യാമറ വഴി തയാറാക്കുന്ന ഇ ചലാനുകളെ പറ്റിയും ഇതുവഴി പരാതി ഉന്നയിക്കാവുന്നതാണ്. മുൻപ് തെറ്റായ ചലാനുകൾ ലഭിക്കുന്നവർക്ക് പരാതിപ്പെടാൻ ഒരു പൊതുവായ വെബ് പോർട്ടൽ ഇല്ലാതിരുന്നതു മൂലം വാഹന ഉടമകൾ വിവിധ ഓഫിസുകൾ കയറിയിറങ്ങേണ്ട അവസ്ഥയായിരുന്നു. ഈ ചലാൻ തയാറാക്കുന്ന ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ നമ്പരും ഇനിമുതൽ ചലാനുകളിൽ പ്രിന്റ് ചെയ്തു വരും. തെറ്റായ ഇ ചലാൻ ലഭിച്ചാൽ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിക്കാം. പരിഹാരം ലഭിച്ചില്ലെങ്കിൽ പരാതിപ്പെടാം.


വെബ് പോർട്ടൽ വഴി ലഭിക്കുന്ന പരാതികൾ അതത് ഓഫിസ് മേധാവികളുടെ അഡ്മിൻ ഐഡിയിൽ ലഭിക്കും. ഇവർ ഉദ്യോഗസ്ഥനോടു വിശദീകരണം ആവശ്യപ്പെടുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും. സ്വീകരിച്ച നടപടി വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. പരാതി റജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന ടിക്കറ്റ് നമ്പർ ഉപയോഗിച്ച് പരാതിയുടെ തൽസ്ഥിതി വാഹന ഉടമകൾക്ക് പരിശോധിക്കാം.


Advertisement:


             


Post a Comment

Previous Post Next Post