മണിപ്പൂരില്‍ നടക്കുന്നത് വംശഹത്യ; ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാര്‍: ബിഷപ്പ് പാംപ്ലാനി

 


കണ്ണൂര്‍: മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനവുമായി തലശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നുവെന്ന് ബിഷപ്പ് ആശങ്ക അറിയിച്ചു. കലാപം തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു, കലാപം പടര്‍ന്നത് ക്രൈസ്തവ പള്ളികള്‍ ലക്ഷ്യമിട്ടാണെന്നും 2002ലെ ഗുജറാത്ത് വംശഹത്യപോലെയാണ് മണിപ്പൂര്‍ കലാപമെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.


മണിപ്പൂരില്‍ ഭരണ ഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്നവരാണ്. അതില്‍ ഗുരുതര വീഴ്ച ഉണ്ടായി. ഭാരതത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത തരത്തില്‍ മണിപ്പുരിലേത് വംശഹത്യയായി പരിണമിക്കുന്നു. ഗുജറാത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് നടന്ന കലാപത്തിന്റെ മറ്റൊരു പതിപ്പായി മണിപ്പുരിലെ അവസ്ഥമാറിയിരിക്കുന്നു. വളരേ ആസൂത്രിതമായ കലാപനീക്കം നടന്നിട്ടുണ്ട്.

പ്രധാനമന്ത്രി ഏത് കാര്യത്തില്‍ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, ഇന്ത്യയില്‍ വിവേചനം ഇല്ലെന്നാണ് അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞത്. അത് മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കി പറയണമെന്ന് ജോസഫ് പാംപ്ലാനി പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്‌നം. മണിപ്പൂര്‍ കത്തി എരിയുമ്ബോള്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണെന്നും ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. റബര്‍ വിലയും ഇതും തമ്മില്‍ ബന്ധമില്ലെന്നും ഞങ്ങള്‍ ആരുടെയും ഔദാര്യം ചോദിച്ചത് അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്ന ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു. കേരളത്തില്‍ നിന്നും ബിജെപിയ്ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച്‌ തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചിരുന്നു. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച്‌ ബിഷപ്പിന്റെ പരാമര്‍ശം.

Post a Comment

Previous Post Next Post