‘സര്‍, മുജേ ബചാവോ..”ബംഗാള്‍ സ്വദേശിയ്ക്ക് ഒരു കോടി ലോട്ടറി; കരുതലിന് കേരളാ പോലീസ്



തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ സമ്മാനം നേടിയ പശ്ചിമ ബംഗാള്‍ സ്വദേശിക്ക് കരുതലായി കേരള പോലീസ്.

ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി FF 55 ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ ബിര്‍ഷു റാബയെ തേടിയെത്തിയത്.

തമ്ബാനൂരിലെ ഒരു ലോട്ടറിക്കച്ചവടക്കാരന്റെ പക്കല്‍ നിന്നും ബിര്‍ഷു എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വൈകിട്ട് ലോട്ടറിക്കടക്കാരൻ ടിക്കറ്റ് വാങ്ങി നോക്കിയപ്പോഴാണ് ഒന്നാം സമ്മാനം ബിര്‍ഷുവിനാണെന്നറിഞ്ഞത്. ലോട്ടറിയടിച്ചത് പുറത്തറിഞ്ഞാല്‍ ആരെങ്കിലും തന്നെ അപായപ്പെടുത്തുമെന്ന് പേടിച്ച്‌ ബിര്‍ഷു നേരെ തമ്ബാനൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് ഓടിക്കയറിയത്.


‘സര്‍, മുജേ ബചാവോ..”എന്ന് പറഞ്ഞുകൊണ്ട് തങ്ങള്‍ക്ക് അടുത്തേക്ക് വന്ന ബിര്‍ഷുവിനെ കണ്ട് എന്താണ് കാര്യമെന്നറിയാതെ പൊലീസുകാരും കുഴങ്ങി. ആശ്വസിപ്പിച്ച്‌ കാര്യമന്വേഷിച്ചപ്പോള്‍ ബിര്‍ഷു കീശയില്‍ നിന്ന് ഒരു ലോട്ടറി ടിക്കറ്റെടുത്ത് എടുത്ത് നല്‍കി. ടിക്കറ്റ് ഏല്‍പ്പിക്കാൻ സഹായം വേണമെന്നും അതുവരെ തനിക്ക് സുരക്ഷ നല്‍കണം എന്നുമായിരുന്നു ബിര്‍ഷുവിന്റെ ആവശ്യം.


ബിര്‍ഷു പറഞ്ഞത് മുഴുവൻ കേട്ട തമ്ബാനൂര്‍ എസ്‌എച്ച്‌ഒ പ്രകാശ് ഉടൻ തന്നെ ഫെഡറല്‍ ബാങ്ക് മാനേജരെ വിളിച്ചുവരുത്തി. ടിക്കറ്റ് സുരക്ഷിതമായി ബാങ്ക് മാനേജരെ ഏല്‍പ്പിക്കുംവരെ ബിര്‍ഷുവിനെ സ്റ്റേഷനില്‍ ഇരുത്തി. പണം സൂക്ഷിച്ച്‌ ഉപയോഗിക്കണമെന്നും ധൂര്‍ത്താക്കി കളയരുതെന്ന ഉപദേശം നല്‍കി, സുരക്ഷിത താമസവും ഒരുക്കിയ ശേഷമാണ് ബിര്‍ഷുവിനെ പൊലീസ് സ്റ്റേഷനില്‍ നിന്ന് യാത്രയാക്കിയത്.

Post a Comment

Previous Post Next Post