സംസ്ഥാനത്ത് ജൂണ്‍ ഒന്നു മുതല്‍ 10 ലക്ഷം കാര്‍ഡുടമകള്‍ക്ക് റാഗി പൊടി വിതരണം ചെയ്യും

 


ചെറു ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്

ജൂണ്‍ ഒന്നുമുതല്‍ 35 ലക്ഷം മുന്‍ഗണന കാര്‍ഡുകളില്‍ 10 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. കേരളത്തിലെ 6,228 റേഷന്‍ കടകള്‍ വഴിയാകും ധാന്യ പൊടി വിതരണം ചെയ്യുകയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ പൂര്‍ത്തീകരിച്ച പദ്ധതികളുടെ പ്രഖ്യാപനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.


പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലെ എല്ലാ റേഷന്‍ കടകളിലും മറ്റു ജില്ലകളിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അഞ്ച് റേഷന്‍ കടകള്‍ വഴിയും റാഗിപ്പൊടി വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. പൊതുവിതരണ മേഖലയിലൂടെ ചെറു ധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. നിരന്തരം ചര്‍ച്ചകളുടെ ഭാഗമായി 998 ടണ്‍ റാഗി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചതായും മന്ത്രി പറഞ്ഞു.


പൊതുവിതരണ സംവിധാനം വഴിയുള്ള റാഗി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം, ഉപഭോക്തൃ കേരളം യൂട്യൂബ് ചാനല്‍, ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍ വെബ്സൈറ്റ്, സേവന അവകാശ നിയമപ്രകാരം വകുപ്പില്‍ നിന്നുള്ള സേവനങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍, സെന്റര്‍ ഫോര്‍ പ്രൈസ് റിസര്‍ച്ച്‌ കേരള എന്നിവയുടെ ഉദ്ഘാടനം, ഉപഭോക്തനയം കരട് സമര്‍പ്പണം, ഒപ്പം പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനം, ഉപഭോക്ത കേരളം കെ സ്റ്റോര്‍ മാഗസിന്‍ പ്രത്യേക പതിപ്പിന്റെ പ്രകാശനം എന്നിവയും മന്ത്രി നിര്‍വഹിച്ചു. മില്ലറ്റ് സ്റ്റാള്‍ രാവിലെ മന്ത്രി ഉദ്ഘാടനം ചെയ്തു.


തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി പി.എം. അലി അസ്ഗര്‍ പാഷ, തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ പി കെ രാജു, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ പ്രസിഡന്റ് പി വി ജയരാജന്‍, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണര്‍ ഡി സജിത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post