ഹർത്താൽ: തകര്‍ത്തത് 70 കെഎസ്‌ആര്‍ടിസി ബസ്; ആകെ 157 കേസ്, 170 അറസ്റ്റ്



കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) പ്രഖ്യാപിച്ച ഹര്‍ത്താലില്‍ 70 കെഎസ്‌ആര്‍ടിസി ബസുകള്‍ തകര്‍ന്നുവെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍.

ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. അക്രമസംഭവങ്ങളില്‍ 11 പേര്‍ക്കും പരുക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നോര്‍ത്ത് സോണില്‍ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരുക്കേറ്റത്.

കെഎസ്‌ആര്‍ടിസിയുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനു തൊട്ടുമുന്‍പ് കോടതിയിലുണ്ടായിരുന്ന അഡ്വക്കറ്റ് ജനറല്‍ (എജി) ആണ് സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി ബസുകള്‍ക്കെതിരെ ഉണ്ടായ അതിക്രമത്തെക്കുറിച്ച്‌ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ശ്രദ്ധയില്‍പെടുത്തിയത്.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലിനോടനുബന്ധിച്ച്‌ ആകെ 157 കേസുകളും 170 അറസ്റ്റും രേഖപ്പെടുത്തി. 368 പേരെ കരുതല്‍ തടങ്കലില്‍വെച്ചു. കണ്ണൂര്‍ സിറ്റിയിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 28 കേസുകളാണ് കണ്ണൂര്‍ സിറ്റിയിലുള്ളത്. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍ പേരെ കരുതല്‍ തടങ്കലില്‍ വെച്ചത്. 118 പേരെയാണ് തടങ്കലില്‍വെച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കള ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യുകയാണ്. രാവിലെ 11 മണിക്കാണ് എന്‍ഐഎ ഡയറക്ടര്‍ ജനറല്‍ ധിന്‍ങ്കര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കേരളത്തില്‍ നിന്ന് ഇന്നലെ എത്തിച്ചവരും ഇവരില്‍ ഉള്‍പ്പെടും. നാല് ദിവസമാണ് ചോദ്യംചെയ്യാനായി ഡല്‍ഹി പട്ട്യാല ഹൗസ് കോടതി അനുവദിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post