കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി.യുടെ വിനോദയാത്ര വന്‍ വിജയത്തിലേക്ക്. അന്‍പതിലധികം വിനോദ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കിയ കെ.എസ്.ആര്‍.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് കൂടുതല്‍ സഞ്ചാരപാതകള്‍ ആവിഷ്‌ക്കരിക്കുന്നത്.
ചുരുങ്ങിയ ചെലവില്‍ കേരളത്തിലെ ടൂറിസം പോയിന്റുകളിലൂടെ വിനോദയാത്ര സാധ്യമാക്കുകയാണ് കെ.എസ്.ആര്‍.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം സെല്ല്. ആനവണ്ടിയിലുള്ള യാത്രയും, യാത്രാപ്പാസുകളും, ഭക്ഷണവും, താമസ സൗകര്യങ്ങളുമെല്ലാം വിവിധ യാത്രകളില്‍ സെല്ല് ഒരുക്കിയിട്ടുമുണ്ട്.
ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ അന്‍പതിലധികം ട്രിപ്പുകളാണ് കണ്ണൂര്‍ ബി.ടി.സി. നടത്തിയിരിക്കുന്നത്. 33 വയനാട് ട്രിപ്പുകള്‍, 15 ഓളം മൂന്നാര്‍ ട്രിപ്പുകള്‍ കൂടാതെ ആഡംബരക്കപ്പിലേക്കും,വാഗമണ്‍, ആലപ്പുഴ ട്രിപ്പുകളും ആഘോഷമാക്കി പോയിവന്നു കഴിഞ്ഞു.
മലയോര ടൂറിസം പോയിന്റുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള വിനോദ യാത്രയ്ക്ക് മെയ്യ് 25 ന് തുടക്കമായി. കണ്ണൂര്‍ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംത്തട്ട് എന്നിവിടങ്ങളിലേക്ക് നടത്തിയ യാത്രയെ നാട്ടുകാര്‍ ആഘോഷപൂര്‍വ്വം സ്വീകരിച്ചു.
ജൂണ്‍ 5 ന് ആലക്കോട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മലയോര ടൂറിസം പോയിന്റുകളിലേക്ക് സീറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്. കോവിഡ് കാലത്ത് മങ്ങിപ്പോയ മലയോര ടൂറിസം സാധ്യതകള്‍ക്ക് ഇത്തരം യാത്രകള്‍ ചിറക് മുളപ്പിക്കുകയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം നിരവധി ആളുകളാണ് കെ.എസ്.ആര്‍.ടി.സി.യുടെ ചെലവ് കുറഞ്ഞ വിനോദയാത്രകളെ ഏറ്റെടുത്തിരിക്കുന്നത്. കെ.എസ്.ആര്‍.ടി.സി. കണ്ണൂര്‍ ബി.ടി.സി. നേതൃത്വം നല്‍കുന്ന പുതിയ ട്രിപ്പ് ജൂണ്‍ 10 ന് ആരംഭിക്കും.
തിരുവനന്തപുരം, കുമരകം ടൂറിസം മേഖലകളിലേക്കാണ് യാത്ര പ്ലാന്‍ ചെയ്തിരിക്കുന്നത്. യൂറോപ്യന്‍ നഗരങ്ങളില്‍ കണ്ടിരുന്ന ഡബിള്‍ഡെക്കര്‍ ബസിലുള്ള യാത്രയും ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡോര്‍മെട്രി സൗകര്യങ്ങള്‍ക്ക് പുറമേ കുമരകത്തെ ഹൗസ്‌ബോട്ട് യാത്രയ്ക്കും അവസരമുണ്ട്.
വെള്ളിയാഴ്ച കണ്ണൂരില്‍ നിന്നും പുറപ്പെട്ട് തിങ്ങളാഴ്ച കണ്ണൂരില്‍ തിരികെ എത്തും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഈ യാത്രയ്ക്ക് ഭക്ഷണം ഒഴികെ മറ്റെല്ലാ സൗകര്യങ്ങളും ഒരുക്കിയാണ് പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.
കണ്ണൂര്‍ ഡി.ടി.ഒ മനോജ്, ജനറല്‍ കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ സജിത്ത് സദാനന്ദന്‍, ടൂര്‍ കോഡിനേറ്റര്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ.റോയി, തന്‍സീര്‍ കെ.ആര്‍, പ്രകാശന്‍ എം എന്നിവരാണ് കണ്ണൂര്‍ കെ.എസ്.ആര്‍.ടി.സി.യുടെ ബഡ്ജറ്റ് ടൂറിസം സെല്ലിനെ നിയന്ത്രിക്കുന്നത്.
കടക്കെണിയില്‍ നിന്നും കോര്‍പ്പറേഷനെ കരകയറ്റുന്നതിനൊപ്പം ചെലവു കുറഞ്ഞ ടൂറിസം പോയിന്റുകള്‍ പരിചയപ്പെടുത്താനും സെല്ലിന് സാധ്യമാകുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കൂ.9605372288, 8089463675, 9074165915
Post a Comment