കാലാവസ്ഥാ വ്യതിയാനം: നാടുനീങ്ങുന്നു കാര്‍ഷിക നഴ്സറികള്‍

 


ആലക്കോട് : കൃഷി കൊണ്ട് ഉപജീവനം നടത്തുന്ന മലയോരത്തെ തുടര്‍ച്ചയായുള്ള കാലാവസ്ഥാ വ്യതിയാനം മാറ്റിമറിക്കുന്നു.

കാലവര്‍ഷം വൈകുന്നതടക്കമുള്ള പ്രശ്നങ്ങള്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കാര്‍ഷികനഴ്സറികളെയാണ് സാരമായി ബാധിച്ചിരിക്കുന്നത്.


കാലവര്‍ഷത്തിന്റെ സമയമാറ്റം മൂലം കൃഷിപ്പണികള്‍ വൈകുന്നതാണ് നഴ്സറികളെ ബാധിക്കുന്നത്. മേയ് രണ്ടാം വാരത്തോടെ കാലവര്‍ഷം സജീവമാകുന്ന പതിവ് തെറ്റി വര്‍ഷങ്ങളായി. ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ടെങ്കിലും മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്ന മഴയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നതല്ല. തൈകള്‍ നടുന്നതിനും വളപ്രയോഗം നടത്തുന്നതിനും അനുയോജ്യമായ കാലാവസ്ഥയല്ല ഇപ്പോഴുള്ളതെന്നാണ് കര്‍ഷകര്‍ പറയുന്നത് .

തന്നാണ്ട് കൃഷികളായ ഏത്തവാഴ, മരച്ചീനി, ചേന, ചേമ്ബ്, കാച്ചില്‍, തുടങ്ങിയ കൃഷികള്‍ക്ക് ശക്തമായ മഴയുടെ ആവശ്യമില്ല. എന്നാല്‍ തെങ്ങിന്‍തൈകള്‍, കുരുമുളക് ചെടികള്‍, കവുങ്ങിന്‍ തൈകള്‍ റബ്ബര്‍തൈകള്‍ തുടങ്ങിയവയ്ക്ക് നല്ല മഴ തന്നെ ലഭിക്കണം. മഞ്ഞളിപ്പ് രോഗവും കൂമ്ബ് കുറുകല്‍ രോഗവും നിമിത്തം മലയോരത്തെ കവുങ്ങുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചിരുന്നു. എന്നാല്‍ അടക്കയ്ക്ക് മോശമല്ലാത്ത വില കിട്ടിത്തുടങ്ങിയതോടെ മലയോരത്ത് വീണ്ടും കവുങ്ങ് കൃഷിയിലേക്ക് കൂടുതല്‍ ആളുകള്‍ തിരിഞ്ഞിട്ടുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് തൈകള്‍ ഉത്പാദിപ്പിച്ച നഴ്സറികള്‍ക്ക് പക്ഷെ മഴ വൈകുന്നത് കനത്ത തിരിച്ചടിയായി.

റബ്ബറിനെ കൈവിടുന്നു


മുന്‍കാലങ്ങളില്‍ റബ്ബര്‍ കൃഷിയ്ക്ക് വേണ്ടി മറ്റു വിളകള്‍ ഉപേക്ഷിച്ചവരാണ് ഭൂരിഭാഗം മലയോരകര്‍ഷകരും.എന്നാല്‍ ഇവരില്‍ വലിയൊരു വിഭാഗം റീപ്ളാന്റേഷന് തയ്യാറായിട്ടില്ല. റബ്ബര്‍ തൈകള്‍ ഉത്പാദിപ്പിച്ച നഴ്സറികളില്‍ പലതും ഇതുമൂലം കടുത്ത നഷ്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവില്‍, തുടങ്ങിയ പഞ്ചായത്തുകളിലായി ഇരുപതിലധികം കാര്‍ഷികനഴ്സറികള്‍ മുന്‍പുണ്ടായിരുന്നു.എന്നാല്‍ നിലവില്‍ നാമമാത്രമാണ് ഇവയുടെ പ്രവര്‍ത്തനം.

ജൂണ്‍ ജൂലായി മാസങ്ങളില്‍ കുമിള്‍രോഗമായ ഇലകൊഴിച്ചില്‍ വരുന്നതാണ് റബ്ബര്‍കര്‍ഷകര്‍ നിലവില്‍ അനുഭവിക്കുന്ന വലിയ പ്രശ്നം. ഇളം കൂമ്ബുകളും തളിരിലകളും അഴുകിപ്പോകുന്ന കൂമ്ബു ചീയല്‍,​

തായ്തടി, ശിഖരങ്ങള്‍, കവര ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പട്ടയെ ബാധിക്കുന്ന

ചീക്ക് അഥവാ പിങ്ക് രോഗം,​ ടാപ്പ്‌ചെയ്യുന്ന മരങ്ങളുടെ വെട്ടുപട്ടയില്‍ ഉണ്ടാകുന്ന കുമിള്‍രോഗമായ പട്ടചീയല്‍ എന്നിവയാണ് മലയോരത്തെ റബ്ബര്‍ കൃഷിയെ കൂപ്പുകുത്തിച്ചത്. ഇതുകൊണ്ടുതന്നെ ഉത്പാദിപ്പിച്ച റബ്ബര്‍തൈകള്‍ വിറ്റഴിക്കാന്‍ കഴിയാതെ നഴ്സറികള്‍ ദയനീയ കാഴ്ചയായി മാറുകയാണിപ്പോള്‍

Post a Comment

Previous Post Next Post