ഹമ്മോ...എന്തൊരടി, ലോക റെക്കോഡ് ടീം സ്‌കോറുമായി ഇംഗ്ലണ്ട്, ബാറ്റിങ് പൂരവുമായി ബട്‌ലര്‍




ആംസ്റ്റല്‍വീന്‍: ഏകദിനത്തിലെ ലോക റെക്കോഡ് സ്‌കോര്‍ വീണ്ടും തിരുത്തി എഴുതി ഇംഗ്ലണ്ട്. നെതര്‍ലന്‍ഡ്‌സിനെതിരായ ഒന്നാം ഏകദിനത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 498 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് ലോക റെക്കോഡ് കുറിച്ചത്.

ഒരു ഏകദിന ടീമിന്റെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. ഫില്‍ സാള്‍ട്ടും (122), ഡേവിഡ് മലാനും (125), ജോസ് ബട്‌ലറും (162*) സെഞ്ച്വറിയോടെ കളം നിറഞ്ഞാടിയതോടെയാണ് നേരത്തെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്കെതിരേ കുറിച്ച ആറ് വിക്കറ്റ് നഷ്ടത്തില്‍ 481 എന്ന സ്‌കോര്‍ തകര്‍ക്കപ്പെട്ടത്.

ടോസ് നേടി ഇംഗ്ലണ്ടിനെ ആദ്യം ബാറ്റിങ്ങിനയച്ച നെതര്‍ലന്‍ഡ്‌സ് ഈ ദിവസം ഒരിക്കലും മറക്കില്ല. ഹോളണ്ടിന്റെ തുടക്കം മോശമായിരുന്നില്ല. 1 റണ്‍സെടുത്ത ജേസന്‍ റോയിയെ പെട്ടെന്ന് മടക്കാന്‍ അവര്‍ക്കായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 222 റണ്‍സിന്റെ കൂട്ടുകെട്ടാണ് മലാനും സാള്‍ട്ടും കൂടി സൃഷ്ടിച്ചത്. മലാന്‍ 109 പന്തില്‍ 9 ഫോറും 3 സിക്‌സും പറത്തിയപ്പോള്‍ സാള്‍ട്ട് 93 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും നേടി. അപ്പോഴൊന്നും ഇത്തരമൊരു ലോക റെക്കോഡ് പ്രതീക്ഷയൊന്നും ഇംഗ്ലണ്ടിനില്ലായിരുന്നു. എന്നാല്‍ നാലാമനായി ക്രീസിലെത്തിയ ജോസ് ബട്‌ലര്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ചു.


47 പന്തിലാണ് ബട്‌ലര്‍ സെഞ്ച്വറി നേടിയത്. പാകിസ്താനെതിരേ 46 പന്തില്‍ ബട്‌ലര്‍ സെഞ്ച്വറി നേടിയിരുന്നു. ഏകദിനത്തിലെ ഇംഗ്ലണ്ട് താരത്തിന്റെ വേഗ സെഞ്ച്വറി റെക്കോഡില്‍ ആദ്യ മൂന്ന് സ്ഥാനത്തും ബട്‌ലറായിരുന്നു. 70 പന്തില്‍ 7 ഫോറും 14 സിക്‌സുമാണ് ബട്‌ലര്‍ പറത്തിയത്. ഓപ്പണറായി ഇറങ്ങിയിരുന്നെങ്കില്‍ രോഹിത്തിന്റെ ലോക റെക്കോഡ് പോലും ചിലപ്പോള്‍ ബട്‌ലര്‍ തകര്‍ക്കുമായിരുന്നു. 231. 42 സ്‌ട്രൈക്കറേറ്റിലായിരുന്നു ബാറ്റിങ്.

ബട്‌ലറിനൊപ്പം ലിയാം ലിവിങ്സ്റ്റനും (66*) വെടിക്കെട്ട് നടത്തിയതോടെയാണ് ലോക റെക്കോഡ് തിരുത്താന്‍ ഇംഗ്ലണ്ടിനായത്. 22 പന്തില്‍ 6 വീതം ഫോറും സിക്‌സും ഉള്‍പ്പെടെ 66 റണ്‍സാണ് ലിവിങ്സ്റ്റന്‍ നേടിയത്. ഐപിഎല്ലിലെ വെടിക്കെട്ട് പ്രകടനം ബട്‌ലറും ലിവിങ്സ്റ്റനും ദേശീയ ടീമിലെത്തിയിട്ടും തുടരുകയാണെന്ന് പറയാം. ഇന്നത്തെ പ്രകടനത്തോടെ ഇംഗ്ലണ്ടിനായി ഏകദിനത്തില്‍ വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമായി ലിവിങ്സ്റ്റന്‍ മാറി.

Post a Comment

Previous Post Next Post