വിദേശത്തെ ജോലികള്‍ക്ക് ഇനി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല; ഉത്തരവിട്ട് ഡിജിപി

സംസ്ഥാനത്തിനകത്തെ ജോലികള്‍ക്കായി 'കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല' എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനേ പോലീസിന് കഴിയൂ. വിദേശത്തെ ജോലികള്‍ക്ക് ഗുഡ് കോണ്‍ടാക്‌ട് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്രത്തിന്റെ അംഗീകൃത ഏജന്‍സി ആയിരിക്കണമെന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഡിജിപിയുടെ ഉത്തരവ്.

'പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്' എന്നതിന് പകരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആയിരിക്കും ഇനി നല്‍കുന്നത്. സംസ്ഥാനത്തിനകത്തെ ജോലിക്ക് മാത്രമായിരിക്കും ഇത് നല്‍കുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷകന്‍ ജില്ലാ പോലീസ് മേധാവിക്കോ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കോ അപേക്ഷ നല്‍കണം. മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍, നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാണ് ഇതിനുള്ള ഫീസ്. അപേക്ഷ ലഭിച്ചാല്‍ ഉടന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും.

ഏഴ് ദിവസത്തിനുള്ളില്‍ അപേക്ഷകന് സര്‍ട്ടിഫിക്കറ്റ് നല്‍കണം. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. ഇക്കാര്യം അപേക്ഷകനെ കേസ് നമ്ബര്‍ സഹിതം അറിയിക്കണം. തെറ്റായ വിവരങ്ങള്‍ നല്‍കുന്ന ആള്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. വിലാസം തിരിച്ചറിയുന്നതിനായി റേഷന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് , വോട്ടേഴ്‌സ് ഐഡി തുടങ്ങി ഏതെങ്കിലും അംഗീകൃത രേഖ സമര്‍പ്പിക്കാം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്ന് പോലീസ് പിന്‍വാങ്ങിയത്. ചില രാജ്യങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് വന്നതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നത്. ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു

Post a Comment

Previous Post Next Post