സര്‍ക്കാരിന് നഷ്ടം വരുത്തുന്ന ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടി: തീരുമാനം മന്ത്രിസഭാ യോഗത്തില്‍

 


തിരുവനന്തപുരം: കെടുകാര്യസ്ഥത മൂലം സര്‍ക്കാറിന് നഷ്ടം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കം നാലാം ഭരണ പരിഷ്കാര കമ്മീഷ‍ന്‍റെ ഒമ്ബതാം റിപ്പോര്‍ട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുകയും അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലന്‍സിന് കൈമാറുകയും ചെയ്യും.

സോഷ്യല്‍ ഓഡിറ്റ് പ്രോത്സാഹിപ്പിക്കും. സ്ഥാപനങ്ങളുടെ ഓഡിറ്റ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഓഡിറ്റിന്റെ ആവശ്യകത സംബന്ധിച്ച്‌ വകുപ്പുകളില്‍ ബോധവല്‍ക്കരണം നടത്തും. ഓഡിറ്റര്‍മാര്‍ക്ക് ആവശ്യമായ പരിശീലനവും നല്‍കും.

പാര്‍ശ്വവല്‍കൃത/ ദുര്‍ബല ജനവിഭാ​ഗങ്ങള്‍ക്കിടയില്‍ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കും. സര്‍ക്കാര്‍ മേഖലയിലെ പരിശീലന പരിപാടികളില്‍ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ച്‌ ഒരു മൊഡ്യൂള്‍ ഉള്‍പ്പെടുത്തും. പരാതികള്‍ പരിഹരിക്കുന്നതിനും നിരസിക്കുന്നതിനും സമയ പരിധി നിശ്ചയിക്കും. ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ കാലതാമസം വരുത്തുന്ന ഉദ്യോ​ഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.

പരാതി പരിഹാര സംവിധാനങ്ങളില്‍ മൂന്നിലൊന്ന് ജീവനക്കാരെങ്കിലും സ്ഥിരം ജീവനക്കാരെന്ന് ഉറപ്പു വരുത്തണം. പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ അഭിരുചി, യോ​ഗ്യത, പ്രതിബദ്ധത എന്നിവയുള്ള ജീവനക്കാരെ നിയമിക്കണം. സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥര്‍ ഹിയറിങ്ങിന് ഹാജരാകുന്നത് ഉറപ്പാക്കണം.

Post a Comment

Previous Post Next Post