തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു.
സംസ്ഥാനത്ത് മെയ് 14 മുതല്‍ 16 വരെ അതിശക്തമായ മഴ (Heavy Rain) ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ (Pinarayi Vijayan) നിര്‍ദേശ പ്രകാരമാണ് ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് അടിയന്തര യോഗം വിളിച്ചത്. മുഴുവന്‍ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് വിളിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിക്കാണ് ഓണ്‍ലൈന്‍ യോഗം. റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച 8 ജില്ലകളിലെ കളക്ടര്‍മാരും യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും കാലവര്‍ഷത്തിന് മുന്നോടിയായി അതിശക്തമായ മഴ കിട്ടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖകലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
Post a Comment