മലയോര ദൃശ്യവിസ്മയം ഇനി ലോകമറിയും

 


ശ്രീകണ്ഠപുരം: ഇരിക്കൂറിന്റെ മണ്ണിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇനി ലോകമറിയും. കാഴ്ചയുടെ നവ്യാനുഭൂതി ആസ്വദിക്കാന്‍ സഞ്ചാരികള്‍ ഇവിടേക്ക് ഒഴുകിയെത്തും.

കണ്ണൂരിലെ കാഴ്ചയില്‍ ഇരിക്കൂറിലെ മലമടക്കുകള്‍ ഓര്‍മയില്‍ മറയാതെ സഞ്ചാരികള്‍ മനസ്സില്‍ കാത്തുവെക്കും. മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു ഡസന്‍ ടൂര്‍ ഓപറേറ്ററുമാര്‍ വെള്ളിയാഴ്ച മണ്ഡലത്തിലെത്തി.


കൊച്ചിയില്‍ അവസാനിച്ച കേരള ടൂറിസം മാര്‍ട്ടില്‍ വിനോദ സഞ്ചാര വ്യവസായ രംഗത്തുള്ളവരുടെ ശ്രദ്ധ ആകര്‍ഷിച്ച ഇരിക്കൂര്‍ പവലിയന്‍ ഇരിക്കൂറിന്റെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്തിയിരുന്നു. ഇരിക്കൂര്‍ മണ്ഡലത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാനും ഇവിടത്തെ പ്രകൃതിഭംഗി ലോകത്തിനുമുന്നില്‍ എത്തിക്കാനും ഈ സംഘത്തിന്റെ സന്ദര്‍ശനം വഴിയൊരുക്കും. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ പൈതല്‍മല, പാലക്കയം തട്ട്, ഏഴരക്കുണ്ട് വെള്ളച്ചാട്ടം എന്നിവിടങ്ങളിലാണ് ആദ്യദിനം ഇവര്‍ സന്ദര്‍ശിച്ചത്. മറ്റിടങ്ങള്‍ ശനിയാഴ്ച സന്ദര്‍ശിക്കും. ഇതിലൂടെ വരും നാളുകളില്‍ ദേശീയ അന്തര്‍ദേശീയ ടൂറിസ്റ്റുകളെ ശ്രീകണ്ഠപുരം കേന്ദ്രമായ മലയോര മണ്ണിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഇരിക്കൂറിന്റെ ടൂറിസം ഭൂപടത്തില്‍ നാഴികക്കല്ലായി ഈ മുന്നേറ്റം മാറുമെന്ന് അഡ്വ. സജീവ് ജോസഫ് എം.എല്‍.എ പറഞ്ഞു. ടൂര്‍ ഓപറേറ്റര്‍മാരുടെ സംഘത്തെ വഞ്ചിയം റിസോര്‍ട്ടില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവല്‍, ഇ.കെ. കുര്യന്‍, ജിജി പൂവത്തുംമണ്ണില്‍ എന്നിവരും എം.എല്‍.എയോടൊപ്പം സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post