ഇന്ത്യയെ തോമസ് കപ്പ് ഫൈനലിലേക്ക് നയിച്ച്‌ എച്ച്‌.എസ്. പ്രണോയ്


ബാങ്കോക്: തോമസ് കപ്പിന്റെ ചരിത്രത്തിലാദ്യമായി മെഡലുറപ്പിച്ച ഇന്ത്യന്‍ ടീം സ്വര്‍ണപ്പോരാട്ടത്തിന്. ഇഞ്ചോടിഞ്ച് സെമി ഫൈനലില്‍ ഡെന്മാര്‍ക്കിനെ 3-2ന് തോല്‍പിച്ചാണ് പ്രഥമ ഫൈനല്‍ പ്രവേശനം.
സെമിയില്‍ ഇരു ടീമും രണ്ടു വീതം മത്സരങ്ങള്‍ ജയിച്ച്‌ സമനിലയില്‍ നില്‍ക്കെ മലയാളി താരം എച്ച്‌.എസ്. പ്രണോയിയാണ് ഇന്ത്യയെ കലാശക്കളിയിലേക്ക് നയിച്ചത്. വ്യാഴാഴ്ച മലേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും സമാന അവസ്ഥ‍യില്‍നിന്ന് പ്രണോയ് വിജയം സ്വന്തമാക്കി മെഡലുറപ്പിക്കുകയായിരുന്നു. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്തോനേഷ്യയാണ് എതിരാളികള്‍.

ഇന്ത്യയുടെ ലക്ഷ്യ സെന്നും ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സല്‍സനും തമ്മിലായിരുന്നു ആദ്യ സിംഗിള്‍സ്. 13-21, 13-21 സ്കോറില്‍ വിജയം അക്സല്‍സനൊപ്പം നിന്നു. പിറകിലായ ഇന്ത്യ ഡബിള്‍സില്‍ തിരിച്ചടിച്ചു. സാത്വികാ റാന്‍കിറെഡ്ഡി-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് കിം ആസ്ട്രപ്-മതിയാസ് ക്രിസ്റ്റ്യാന്‍സെന്‍ സഖ്യത്തെ 21-18, 21-23, 22-20 എന്ന സ്കോറില്‍ ജയിച്ചു.
കിഡംബി ശ്രീകാന്തും ആന്‍ഡേഴ്സ് ആന്റന്‍സണും തമ്മിലായിരുന്നു അടുത്ത പോരാട്ടം. 21-18, 12-21, 21-15ന് ശ്രീകാന്തിന് തകര്‍പ്പന്‍ ജയം. 2-1ന് ലീഡ് പിടിച്ച ഇന്ത്യക്ക് രണ്ടാം ഡബിള്‍സിലെ തോല്‍വി നിരാശയുണ്ടാക്കി. കൃഷ്ണപ്രസാദ് ഗരാഗയും വിഷ്ണു വര്‍ധന്‍ പഞ്ചാലയും 14-21, 13-21 സ്കോറില്‍ ആന്‍ഡേഴ്സ് റെമ്യൂസന്‍-ഫ്രെഡറിക് സൊഗാര്‍ഡ് സഖ്യത്തോട് പരാജയപ്പെട്ടു.
2-2 സമനിലയില്‍ നില്‍ക്കെ ഫൈനലില്‍ എത്തിക്കേണ്ട ചുമതല പ്രണോയിയുടെ ചുമലിലായി. റാസ്മസ് ജെംകെയായിരുന്നു എതിരാളി. ആദ്യ സെറ്റ് നഷ്ടമായ (13-21) പ്രണോയ് തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ 21-9, 21-12 സ്കോറില്‍ രാജ്യത്തിന് സ്വപ്നതുല്യമായ നേട്ടം സമ്മാനിക്കുകയായിരുന്നു. 73 വര്‍ഷത്തിനിടെ ഒരു തവണ പോലും ഇന്ത്യ തോമസ് കപ്പ് ഫൈനലിലെത്തിയിട്ടില്ല. 1952ലും '55ലും '79ലും സെമിയില്‍ പുറത്തായി. അക്കാലത്ത് ഫൈനലിസ്റ്റുകള്‍ക്ക് മാത്രമായിരുന്നു മെഡല്‍.

Post a Comment

Previous Post Next Post