കണ്ണൂര്‍ : സൈബര്‍ സുരക്ഷയും സൈബര്‍ ഉപയോഗവും പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച അമ്മമാര്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനം 'അമ്മ അറിയാന്‍' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ ആദ്യ ക്ലാസ് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു.അര മണിക്കൂറുള്ള അഞ്ചു സെഷനായാണ് പരിശീലനം നടന്നത്. സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ്, ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം എന്നതായിരുന്നു ഒന്നാമത്തെ സെഷന്‍. ഒറ്റത്തവണ പാസ്‌വേഡ്, പിന്‍ തുടങ്ങിയ പാസ്വേഡുകളുടെ സുരക്ഷ വിവരിക്കുന്ന രണ്ടാം സെഷനില്‍ 'രക്ഷിതാവും കുട്ടിയും മൊബൈല്‍ ഫോണ്‍ ഉപയോഗവും' എന്ന ഭാഗവും ചര്‍ച്ച ചെയ്തു.
വ്യാജവാര്‍ത്തകളെ കണ്ടെത്താനും തിരിച്ചറിയാനും പരിശോധിക്കാനും കഴിയുന്നതോടൊപ്പം വ്യാജവാര്‍ത്തകളെ തടയാന്‍കൂടി സഹായിക്കുന്ന 'വാര്‍ത്തകളുടെ കാണാലോകം' ആയിരുന്നു മൂന്നാം സെഷന്‍. ഇന്റര്‍നെറ്റിലെ ചതിക്കുഴികള്‍ എന്ന നാലാം സെഷനില്‍ സൈബര്‍ ആക്രമണങ്ങളും ഓണ്‍ലൈന്‍ പണമിടപാടില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിവരിച്ചു. 'ഇന്റര്‍നെറ്റ് അനന്ത സാധ്യതകളിലേക്കുള്ള ലോകം' എന്നതായിരുന്നു അഞ്ചാം സെഷന്‍.
ജില്ലയില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 140 ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ഈ വര്‍ഷത്തില്‍ 25000 അമ്മമാര്‍ക്കാണ് പരിശീലനം നല്‍കുക. മെയ് 7 മുതല്‍ 20 വരെയുള്ള ദിവസങ്ങളില്‍ 30 പേര്‍ വീതമുള്ള ബാച്ചുകളായി തിരിച്ച് ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളും കൈറ്റ് മാസ്റ്റര്‍/മിസ്ട്രസ്മാരും ചേര്‍ന്നാണ് പരിശീലനം നല്‍കുന്നത്.
Post a Comment