എന്റെ തൊഴില്‍ എന്റെ അഭിമാനം'; കുടുംബശ്രീ സര്‍വേക്ക് വന്‍ സ്വീകാര്യത ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 5.91 ലക്ഷം പേര്‍


തിരുവനന്തപുരം> നോളജ് ഇക്കണോമി മിഷനിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴില്‍ എന്റെ അഭിമാനം' പ്രചരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച സര്‍വേയ്ക്ക് തൊഴില്‍ അന്വേഷകരില്‍ നിന്നും മികച്ച സ്വീകരണം.


മെയ് 8ന് രാവിലെയാണ് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ സര്‍വ്വെ ഉദ്ഘാടനം ചെയ്തത്. മെയ് ഒമ്ബതിന് രാവിലെ 11.30 വരെയുള്ള കണക്കുകള്‍ പ്രകാരം 5,91,693 തൊഴിലന്വേഷകരാണ് രജിസ്റ്റര്‍ ചെയ്തത്. 8,68,205 വീടുകള്‍ സന്ദര്‍ശിച്ചതില്‍ നിന്നാണ് ഇത്രയും പേരുടെ വിവരങ്ങള്‍ ലഭ്യമായത്.

ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ ജില്ലയിലാണ്. 1,46,905 പേര്‍ അവിടെ രജിസ്റ്റര്‍ ചെയ്തു. 86,111 പേരുടെ വിവരശേഖരണം പൂര്‍ത്തിയാക്കി കൊല്ലം ജില്ലയാണ് രണ്ടാമതുള്ളത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച്‌ എറണാകുളം ജില്ലയില്‍ സര്‍വേ തുടങ്ങിയിട്ടില്ല. പദ്ധതി പ്രകാരം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ അഭ്യസ്തവിദ്യരായ പത്തു ലക്ഷം തൊഴിലന്വേഷകരുടെ വിവരശേഖരമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ സര്‍വേയുടെ രണ്ടാം ദിനം തന്നെ അഞ്ചു ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തത് മികച്ച നേട്ടമായി കണക്കാക്കുന്നതായി തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയ ഒരു ലക്ഷം എന്യൂമറേറ്റര്‍മാര്‍ വഴിയാണ് സംസ്ഥാനത്ത് വിവരണശേഖരണം പുരോഗമിക്കുന്നത്. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിലെ എ.ഡി.എസ് ഭാരവാഹികളില്‍ നിന്നും ഓക്സിലറി ഗ്രൂപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത വനിതകളാണിവര്‍. ഡിജിറ്റല്‍ യൂണിവേഴ്സിറ്റി രൂപകല്‍പന ചെയ്ത 'ജാലകം' മൊബൈല്‍ ആപ്ളിക്കേഷന്‍ വഴിയാണ് ഗുണഭോക്താക്കളുടെ വിവരശേഖരണം നടത്തുന്നത്.

ക്യാമ്ബെയിന്റെ ഭാഗമായി കുടുംബശ്രീ എന്യൂമറേറ്റര്‍മാര്‍ ഓരോ വീടുകളിലും നേരിട്ടെത്തി പ്ളസ്ടുവോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴില്‍രഹിതരായ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. നോളജ് എക്കണോമി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്‌ എന്യൂമറേറ്റര്‍മാര്‍ നല്‍കുന്ന ലഘുലേഖയിലെ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്ത് ഗുണഭോക്താക്കള്‍ തങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമായ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതാണ് പ്രവര്‍ത്തനരീതി. ഇതിന് എന്യുമറേറ്റര്‍മാര്‍ സഹായിക്കും.

Post a Comment

Previous Post Next Post