കോഴിക്കോട് ആളൊഴിഞ്ഞ പറമ്ബില്‍ നിന്ന് കിട്ടിയത് 266 വെടിയുണ്ടകള്‍; അന്വേഷണം


കോഴിക്കോട് തൊണ്ടയാട് ബൈപാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്ബില്‍ വെടിയുണ്ടകള്‍ കണ്ടെത്തി.പുരയിടം വൃത്തിയാക്കുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടത്. ചെറിയ റൈഫിളുകളില്‍ ഉപയോഗിക്കുന്ന 266 വെടിയുണ്ടകള്‍ പൊലീസ് ശേഖരിച്ചു. സ്ഥലത്ത് ഷൂട്ടിങ് പരിശീലനം നടന്നതിന്‍റെ ചില തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.

പരിശീലനത്തിന് ഉപയോഗിക്കുന്ന വിധം റൈഫിളുകളിലെ വെടിയുണ്ടകളാണ് തൊണ്ടയാട് ബൈപാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്ബില്‍ കണ്ടെത്തിയത്. അതിരുതിരിക്കുന്നതിന് വേണ്ടി കാട് വൃത്തിയാക്കിയവരാണ് വെടിയുണ്ടകള്‍ കണ്ടത്. ജില്ലാ ക്രൈം ബ്രാ‍‍‍ഞ്ച് എസിപി അനില്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് എത്തി വെടിയുണ്ടകള്‍ കസ്റ്റഡിയില്‍ എടുത്തു. ഷൂട്ടിങ് പരിശീനത്തിന് ഉപയോഗിക്കുന്ന ഒരു ബോര്‍ഡ് ഉള്‍പ്പടെ ചില വസ്തുക്കളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ബോംബ് സ്കോഡും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ വീടുകളില്‍ ഉള്ളവര്‍ ആരും തന്നെ ഇവിടെ നിന്നും ഇതുവരെ വെടിയൊച്ച കേട്ടിട്ടില്ല.
ചെറിയ റൈഫിളുകളില്‍ ഉപയോഗിക്കുന്ന 266 വെടിയുണ്ടകളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലൈസന്‍സ് ഉള്ള ആര്‍ക്കും വാങ്ങാവുന്ന വെടിയുണ്ടകള്‍ ആണിവ. പക്ഷികളെയും മൃഗങ്ങളെയും വെടിവെക്കാനും ഇവ ഉപയോഗിക്കാറുണ്ട്. ഷൂട്ടിങ് പരിശീലനത്തിന് അനുമതി ഇല്ലാത്ത സ്ഥലത്ത് ഇത്രയധികം വെടിയുണ്ടകള്‍ ഉപേക്ഷിച്ചതിലെ ദുരൂഹത അടക്കമാണ് പൊലീസ് അന്വേഷിക്കുന്നത്.

Post a Comment

Previous Post Next Post