തിരുവനന്തപുരം ∙ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാല്‍ 19 വരെ കേരളത്തില്‍ അതിതീവ്രമഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ 5 ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. 19 വരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിന്നലോടു കൂടിയ മഴയുണ്ടാകും.
കേരള തീരത്തു നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നു കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ ഇവിടങ്ങളില്‍ മത്സ്യബന്ധനം പാടില്ല. നാളെ വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല.
എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്നലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് ഇന്നലെ പലയിടത്തും കനത്ത മഴ പെയ്തു. മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ ഇവിടേക്കുളള യാത്രകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളില്‍ മഴക്കെടുതികളെക്കുറിച്ച് 1077 എന്ന നമ്ബറിലും വൈദ്യുതി സംബന്ധമായ പരാതികള്‍ 1912 എന്ന നമ്ബറിലും അറിയിക്കാം. കൂടുതല്‍ ക്യാംപുകള്‍ തുടങ്ങാനും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
Post a Comment